ദുബൈ: യു.എ.ഇയുടെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പങ്കുവെച്ച് സുൽത്താൻ അൽ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയശേഷം ആദ്യമായാണ് അദ്ദേഹം പകൽസമയത്തെ യു.എ.ഇയുടെ ചിത്രം പകർത്തുന്നത്. ലോകത്ത് എവിടെയായിരുന്നാലും എന്റെ പാതകൾ വീട്ടിലേക്കാണ് നയിക്കുന്നതെന്നും ബഹിരാകാശത്ത് നിന്നും നമ്മുടെ മനോഹരമായ രാജ്യത്തിന്റെ കാഴ്ച ഓരോ തവണയും എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് ചിത്രത്തിനൊപ്പം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നേരത്തെ അൽ നിയാദിയുടെ സഹപ്രവർത്തകനായി ബഹിരാകാശ നിലയത്തിൽ ഉണ്ടായിരുന്ന ജപ്പാൻകാരൻ കുവോചി വകാത യു.എ.ഇയുടെ രാത്രികാല ചിത്രം പങ്കുവെച്ചിരുന്നു. സ്പേസ് എക്സ് ക്രൂ-5ലെ അംഗമായ ഇദ്ദേഹം മറ്റുള്ളവരോടൊപ്പം ദൗത്യം പൂർത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. നിലവിൽ അൽ നിയാദിയും ക്രൂ-6ലെ അംഗങ്ങളുമാണ് പരീക്ഷണങ്ങൾ നടത്തിവരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രയാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്. മാർച്ച് രണ്ടിനാണ് അൽ നിയാദി ബഹിരാകാശകേന്ദ്രത്തിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.