ദുബൈ: പരിസ്ഥിതി സംരക്ഷണം മുൻനിർത്തി ഇമാറാത്തി വളന്റിയർ അലി ദർവിഷ് അൽ സാബി വാരിക്കൂട്ടിയത് 50 ലക്ഷം ബോട്ടിൽ അടപ്പുകൾ. 2020 മുതൽ ഷാർജയിൽനിന്നും മറ്റ് എമിറേറ്റുകുളിൽനിന്നുമാണ് അൽസാബി കുപ്പിയുടെ അടപ്പുകൾ ശേഖരിച്ചത്. 30 വർഷമായി പരിസ്ഥിതി സംരക്ഷണ രംഗത്ത് വളന്‍റിയറായി പ്രവർത്തിക്കുന്നു. 13തരം നിറങ്ങളിലുള്ള അടപ്പുകൾ ശേഖരിച്ചു. അൽസാബിയുടെ താൽപര്യം മനസ്സിലാക്കി കുപ്പിയുടെ അടപ്പുകൾ നൽകിയവരുമുണ്ട്.
ദിവസവും ലക്ഷക്കണക്കിന് ബോട്ടിലുകൾ മാർക്കറ്റിൽ വിറ്റുപോകുന്നുണ്ടെന്നും ഇതിന്‍റെ അടപ്പുകൾ കടലിലോ ബീച്ചിലോ എത്തുകയാണെന്നും അൽ സാബി പറയുന്നു. മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും ഭീഷണിയാണ് ഈ അടപ്പുകൾ. ഭക്ഷണമാണെന്ന് കരുതി ഇവ അകത്താക്കി അപകടത്തിൽപെടുന്ന സമുദ്ര ജീവികളുമുണ്ട്. ഇതൊഴിവാക്കാനാണ് ബോട്ടിൽ ക്യാപ്പുകൾ ശേഖരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
40,000 ക്യാപ്പുകൾ ശേഖരിക്കാൻ കഴിയുന്ന ബോക്സുകളാണ് അൽസാബിയുടെ സ്റ്റോറിലുള്ളത്. ഇത്തരം 1.30 ലക്ഷം ബോക്സുകൾ കരുതിയിട്ടുണ്ട്. 80,000 അടപ്പുകൾ ഇടാൻ ശേഷിയുള്ള ബാഗുകളും സൂക്ഷിച്ച് വെച്ചിരിക്കുന്നു. സ്കൂളുകൾ, അധ്യാപകരുടെ അസോസിയേഷനുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയും അടപ്പുകൾ ശേഖരിക്കാറുണ്ട്. ഈ അടപ്പുകൾ റീ സൈക്കിൾ ചെയ്യാനും ലക്ഷ്യമിടുന്നു.
ഇതോടൊപ്പം 19,286 കിലോ പേപ്പറും 4088 കിലോ പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ചിട്ടുണ്ട്. ഇവ എമിറേറ്റ്സ് എൻവയൺമെന്‍റൽ ഗ്രൂപ്പിനും 'ബീഹ' എൻവയൺമെന്‍റൽ സ്ഥാപനത്തിനും കൈമാറി. ഇവ റീസൈക്കിൾ ചെയ്യുന്നതിനാണ് കൈമാറിയത്. ഇരു സ്ഥാപനങ്ങളും അൽ സാബിയെ ആദരിച്ചിരുന്നു. 1992ൽ കുടുംബസമേതം ആരംഭിച്ചതാണ് വളന്‍റിയർ സേവനം. മക്കളായ അബ്ദുൽ റഹ്മാൻ, ജാമെല, അഫ്ര, മസ്ന, സുൽത്താൻ എന്നിവർ
2009 മുതൽ അൽസാബിക്കൊപ്പം പ്രവർത്തനങ്ങളിൽ സജീവമാണ്. സഹോദരൻ നാസറും അഹ്മദും ഏറെ സഹായിച്ചതായി അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.