മസാഫി-ദിബ്ബ റോഡിലെ കൊച്ചു കാർഷിക ഗ്രാമമായ ത്വൈബയിലാണ് ത്വൈബ ഹെറിറ്റേജ് മ്യൂസിയം. സ്വദേശി പൗരൻ അഹമദ് അലി ബിൻ ദാവൂദ് അൽ അബ്ദുലിയുടെ ഉടമസ്ഥതയിലാണ് ഈ മ്യൂസിയം. പരിപാലനത്തിന്നും ജോലിക്കാര്‍ക്കുള്ള വേതനത്തിനും മറ്റും വരുന്ന ചിലവുകൾ എല്ലാം സ്വന്തം തന്നെയാണ് വഹിക്കുന്നത്. പിതാവിൽ നിന്ന് കിട്ടിയ കുന്നിൻ ചരിവിലുള്ള മനോഹരമായ തോട്ടത്തിലാണ് ഈ നിർമ്മിതികളും പുരാവസ്തു ശേഖരവും ഒരുക്കിയിരിക്കുന്നത്. പട്ടാളത്തിൽ നിന്ന് വിരമിച്ച് വിശ്രമം ജീവിതം നയിക്കുന്ന അൽ അബ്ദുലി ഇതൊരു സപര്യയായി എറ്റെടുത്തിരിക്കുകയാണ്.
ത്വൈബ പ്രദേശത്ത് നിന്ന് കിട്ടിയ അതിപുരാതനമായ ചിത്രം ആലേഖനം ചെയ്ത കല്ലാണ് ഇവിടെ എറെ അകർഷകമായത്. പുരാതന അറബി ഭവനങ്ങളുടെയും അടുക്കളയുടെയും മാതൃകകൾ ഇവിടെ പണിതിട്ടുണ്ട്. തെൻറ അമ്മാവെൻറ ചിത്രം, അദ്ദേഹം ഉപയോഗിച്ചിരുന്ന ഖുർആൻ പ്രതി, അറബി കല്യാണത്തിൽ പെണ്ണിെൻറ വീട്ടിലേക്ക് വസ്ത്രവും സ്വർണ്ണവും കൊണ്ടു പോകുന്ന മൻദൂസ് എന്ന വിവിധ രൂപത്തിലുള്ള പെട്ടികൾ, പഴയ കാലത്ത് തോട്ടത്തിൽ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ, ത്രാസ്, ബ്രീട്ടിഷ് കാലത്തെ തോക്കുകൾ, യു.എ.ഇൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഇന്ത്യയുടെ 10 രൂപ നോട്ട് അടക്കം നിരവധി പുരാതന നാണയങ്ങൾ, പഴയ ടെലിവിഷൻ സെറ്റുകൾ, അദ്ദേഹം ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ലാൻറ് റോവർ വാഹനം, ആദ്യകാലം മുതല്‍ ഉപയോഗിച്ചിരുന്ന നിരവധി തരത്തിലുള്ള ടെലഫോണുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള പുരാവസ്തുക്കളുടെ ശേഖരം തന്നെയാണ് ഇവിടെയുള്ളത്.
തോട്ടത്തിെൻറ താഴ്വാരത്തെ വാദിയിലൂടെയാണ് പഴയ കാലത്ത് ദിബ്ബയിലേക്ക് കാൽ നടയായി ആളുകള്‍ പോയിരുന്നത്. അക്കാലത്ത് തോട്ടത്തിൽ വേനലിൽ പോലും സുലഭമായി ശുദ്ധജലം ലഭിച്ചിരുന്ന ഒരു കിണറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടം യാത്രക്കാരുടെ വിശ്രമ കേന്ദ്രമായിരുന്നു . എന്നാൽ ഇന്ന് ഈ കിണർ മഴ കുറഞ്ഞതോടെ വറ്റിയ നിലയിലാണ്. കിണറിെൻറ ചരിത്രം ശിലാഫലകത്തിൽ എഴുതി വച്ചിട്ടുണ്ട്. 1989ലാണ് തോട്ടത്തിൽ മ്യൂസിയത്തിന് തുടക്കം കുറിച്ചതെന്ന് ഇവിടെ കുറിച്ചുവെച്ചിട്ടുണ്ട്. കുന്നിൻ ചരിവിലായതിനാൽ എപ്പോഴും നല്ല കാറ്റാണിവിടെ. വാഴയും മൈലാഞ്ചിയും പരുത്തിച്ചെടിയും തുടങ്ങി നിരവധി മരങ്ങളുണ്ട്. മരങ്ങൾക്കിടയിൽ കുന്നിറങ്ങുന്ന വഴികളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പാറക്കെട്ടിനിടയിലൂടെ കൃത്രിമ വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശികളാണ് തോട്ടത്തിലെ ജോലിക്കാർ.
വിദേശികളും സ്വദേശികളുമായി നിരവധി ആളുകളാണ് മ്യൂസിയത്തിലെ കാഴ്ച കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും എത്തിച്ചേരുന്നത്. കുടുംബങ്ങള്‍ക്കും മറ്റും ചെറിയ വാടകക്ക് താമസിക്കാനുള്ള വീടുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മ്യുസിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഭൂതകാല ഓർമ്മകൾ ഇല്ലാത്തവർക്ക് ഭാവിയും ഇല്ല എന്ന ശൈഖ് സായിദിെൻറ വാക്കുകളാണ് അൽ അബ്ദുലിയുടെ പ്രചോദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.