യു.എ.ഇയുടെ ചരിത്ര പൈതൃകങ്ങള്‍ തലമുറകളിലേക്കു പകരാന്‍ ഭരണാധികാരികള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതിന് അനവധി മാതൃകകളുണ്ട്. സ്മാരകങ്ങളായും മ്യൂസിയങ്ങളായും നിലനിര്‍ത്തിയ നിര്‍മിതികള്‍ രാജ്യത്തിന്റെ കഴിഞ്ഞുപോയ കാലത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഇത്തരത്തില്‍ ഏറെ ശ്രദ്ധയമായതാണ് യു.എ.ഇയുടെ സ്ഥാപകനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് 1937ല്‍ നിര്‍മിച്ച അല്‍ഐന്‍ പാലസ്. 1998ലാണ് അല്‍ഐനിലെ ഈ കൊട്ടാരം മ്യൂസിയമായി പരിവര്‍ത്തനം ചെയ്തത്. എന്നാല്‍, 2001ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നുനൽകിയത്. യു.എ.ഇയുടെ പരമ്പരാഗത നിര്‍മാണ മാതൃക തന്നെയാണ് അല്‍ഐന്‍ കൊട്ടാരത്തിനുമുള്ളത്. വേനല്‍ക്കാലത്തും കൊട്ടാരത്തിലെ മുറികളില്‍ തണുപ്പ് ലഭിക്കാന്‍ സഹായിക്കുന്ന വെൻറിലേറ്ററുകള്‍ വേറിട്ട പ്രത്യേകതയാണ്. മുറികള്‍ക്ക് പുറത്തുള്ള നീളമേറിയ വരാന്തകളും മുറികളിലെ തണുപ്പ് ഉറപ്പുവരുത്തുന്നതിന് ഗുണകരമാവുന്നു. കളിമണ്ണും കല്ലുകളും പനയോലയുമൊക്കെയാണ് കൊട്ടാരത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതിഥികള്‍ക്ക് താമസിക്കാനായും അബൂദബിയുടെ കിഴക്കന്‍ മേഖലയിലെ ഭരണ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഔദ്യോഗിക സമിതികള്‍ യോഗം ചേരുന്നതിനായി മുറികളും കൊട്ടാരത്തിലുണ്ട്. കൊട്ടാരത്തിന്റെ ആദ്യനില ശൈഖ് സായിദിന്റെ പത്നി ശൈഖ ഫാത്തിമ ബിന്ത് മുബാറക്ക് അല്‍ കത്ബിയുടെ വനിതാ സുഹൃത്തുക്കളെ സ്വീകരിക്കാനും മുകള്‍നില കുടുംബത്തിന് താമസിക്കുന്നതിനുമായാണ് സജ്ജീകരിച്ചിരുന്നത്. ശൈഖ് സായിദിന്റെ മക്കള്‍ക്ക് പഠനമുറിയും ഇവിടെയുണ്ടായിരുന്നു. 1998ല്‍ നടത്തിയ നവീകരണത്തിന്റെ ഭാഗമായി രണ്ടു കെട്ടിടങ്ങള്‍ കൂടി ഇവിടെ പണിതു. ഇതിലൊന്ന് മ്യൂസിയത്തിന്റെ ഭരണപരമായ ആവശ്യങ്ങള്‍ക്കും പ്രദേശവാസികള്‍ മ്യൂസിയത്തിന് നല്കിയ സമ്മാനങ്ങള്‍ പ്രദര്ശിപ്പിക്കുന്നതിനുമായിരുന്നു. മ്യൂസിയമായി മാറ്റിയ അല്‍ഐന്‍ കൊട്ടാരത്തിന്റെ മുറ്റത്ത് ശൈഖ് സായിദ് മുമ്പ് ഇവിടെ വരുമ്പോള്‍ ഉപയോഗിച്ചിരുന്നതിന് സമാനമായൊരു ലാന്‍ഡ് റോവര്‍ കാറും സൂക്ഷിച്ചിട്ടുണ്ട്. രാവിലെ 9 മുതല്‍ രാത്രി 7 വരെയാണ് മ്യൂസിയത്തിലെ സന്ദര്‍ശനസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.