അബൂദബി: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് താൽക്കാലികമായി അടച്ച അൽഐൻ മൃഗശാലയും ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രവും സന്ദർശകർക്കായി വീണ്ടും തുറന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് മൃഗശാല തുറക്കുക.സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കും. വന്യജീവികളെ നിരീക്ഷിക്കാൻ സന്ദർശകർക്ക് മികച്ച സൗകര്യം ഉറപ്പുവരുത്തും. വെബ്സൈറ്റിലൂടെയോ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സുരക്ഷിതവും മനോഹരവുമായ സന്ദർശനാനുഭവം ആസ്വദിക്കാനും മൃഗശാലയിലും പ്രദർശന മേഖലകളിലും ചുറ്റിക്കറങ്ങാനും സൗകര്യമുണ്ടായിരിക്കും. കാഴ്ച ബംഗ്ലാവിലെ റസ്റ്റാറൻറുകളും റീട്ടെയിൽ സ്റ്റോറുകളും സന്ദർശിക്കാൻ കഴിയും.
കാഴ്ച ബംഗ്ലാവിലെ രണ്ട് ടിക്കറ്റ് കൗണ്ടറുകളും തുറക്കുമെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ഇലക്ട്രോണിക് ടിക്കറ്റ് ബുക്കിങ് സൗകര്യം സന്ദർശകർ പ്രയോജനപ്പെടുത്തണമെന്ന് മൃഗശാല അധികൃതർ ശിപാർശ ചെയ്യുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മൃഗശാല തുറക്കുന്നത് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന് വഴിയൊരുക്കുമെന്ന് അൽഐൻ മൃഗശാല ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹാജരി ചൂണ്ടിക്കാട്ടി. മൃഗശാല സന്ദർശകർക്കായി എല്ലാ മുൻകരുതലുകളും എടുക്കുന്നു. സന്ദർശകരുടെ എണ്ണം ഒരു ദിവസം 1,800 കവിയാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം
ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രവും സന്ദർശകർക്കായി തുറന്നിരിക്കും. കാഴ്ചബംഗ്ലാവിലെ എല്ലാ പ്രതിരോധ മുൻകരുതൽ നടപടികളും ഇവിടെയും നടപ്പാക്കും. കാഴ്ച ബംഗ്ലാവ് സന്ദർശിക്കുന്നവർക്ക് എക്സിബിഷൻ സൗകര്യങ്ങൾ ആസ്വദിക്കാനാവും. പ്രധാന തിയേറ്ററിൽ ഒരേ സമയം 53ൽ അധികം സന്ദർശകരെ അനുവദിക്കില്ല. മൃഗശാലയിൽ പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശകർ ശരീരോഷ്മാവ് പരിശോധിക്കണം. മാസ്കുകളും കൈയുറകളും ധരിക്കുക, പതിവായി സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ ചട്ടങ്ങൾ പാലിക്കണം. അൽഐൻ മൃഗശാല എല്ലാ ദിവസവും അണുമുക്തമാക്കാൻ നടപടി സ്വീകരിക്കും. സന്ദർശകരും ജീവനക്കാരും മൃഗങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക സുരക്ഷാ നടപടികളും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.