അബൂദബി: ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേസ് ആൻഡ് എൻഡോവ്മെന്റിന് (ജി.എ.ഐ.എ.ഇ) കീഴിലെ പള്ളികളിലെ ഇമാമുമാർ ഉൾപ്പെടെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പ്രതിമാസ ആനുകൂല്യമായി നൽകാൻ നിർദേശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ശമ്പളത്തിനൊപ്പം ചേർത്താണ് ആനുകൂല്യം നൽകുകയെന്ന് ജി.എ.ഐ.എ.ഇ ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരി പറഞ്ഞു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ പിന്തുണയോടെയാണ് ആനുകൂല്യം വർധിപ്പിച്ചത്.
ഉയർന്ന നിലവാരം കാത്തുസൂക്ഷിച്ച് വിശ്വാസികൾക്ക് പ്രാർഥനക്കുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ഇമാമുമാർക്കും മുഅദ്ദിനുകൾക്കും പ്രസിഡന്റിൽനിന്നുള്ള അഭിനന്ദനമാണിതെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുകളിലെ ജീവനക്കാർക്കും ജി.എ.ഐ.എ.ഇക്കും നൽകുന്ന പിന്തുണക്ക് ഇരുവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
യു.എ.ഇയിലെ പള്ളികളിൽ മലയാളികളായ ഇമാമുമാർ ഏറെയുള്ളതിനാൽ പ്രസിഡന്റിന്റെ പ്രഖ്യാപനം ഇവർക്ക് വലിയ ആശ്വാസകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.