ആകാശത്ത് വെള്ളിവെളിച്ചം വിതറുന്ന നക്ഷത്രങ്ങളെയും കണ്ട് റമദാൻ രാവുകളിൽ ശാന്തസുന്ദരമായി ഇഫ്താർ രുചികളാസ്വദിക്കാനും ഷാർജ നഗരക്കാഴ്ച്ചകളാസ്വദിച്ച് തടാകക്കരയിൽ കുടുംബത്തോടൊപ്പം റമദാൻ രാത്രികൾ മനോഹരമാക്കാനുമുള്ള അവസരമാണ് ഷാർജയിലെ അൽനൂർ ഐലൻഡിലെ ഇഫ്താർ ബൈ ദ ബേയിലുള്ളത്. റമദാൻ രാത്രികൾക്കായി അണിഞ്ഞൊരുങ്ങിയ അൽനൂർ ഐലൻഡിൽ പരമ്പരാഗത രീതിയിലുള്ള ഭക്ഷണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഖാലിദ് തടാകത്തിന്റെയും ഷാർജ നഗരത്തിന്റെയും മനോഹരക്കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിന് ദ്വീപിന്റെ മണൽപ്പരപ്പിൽ പ്രത്യേകം തയാറാക്കിയതാണ് ഇഫ്താർ ബൈ ദ ബേയിലെ ഇരിപ്പിടങ്ങൾ. പ്രകൃതിയുടെയും പുണ്യമാസത്തിന്റെയും ആശയമുൾക്കൊണ്ട് തയാറാക്കിയ വെളിച്ച സംവിധാനം കൂടിയാവുമ്പോൾ വേറിട്ട ഇഫ്താർ അനുഭൂതിയാണ് അതിഥികൾക്കായൊരുക്കിയിട്ടുള്ളത്. പ്രവാസി മലയാളികളടക്കമുള്ള സഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ് അൽനൂർ ദ്വീപ്.
നോമ്പുതുറക്കായെത്തുന്നവർക്ക് അൽ നൂർ ദ്വീപിന്റെ കാഴ്ചകളെല്ലാം ചുറ്റിക്കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ശലഭക്കാഴ്ച്ചകളാൽ കൺകുളിർമ്മയേകുന്ന ബട്ടർഫ്ലൈ ഹൗസിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. കാലാവസ്ഥ അനുകൂലമായാൽ പരിശീലനം ലഭിച്ച ഗൈഡിന്റെ സഹായത്തോടെയുള്ള ടെലസ്കോപ്പിലൂടെ വാനനിരീക്ഷണവും നടത്താം.
മുതിർന്നവർക്ക് 180 ദിർഹമും കുട്ടികൾക്ക് 95 ദിർഹമുമാണ് അൽനൂർ ഐലൻഡിൽ ഇഫ്താറാസ്വദിക്കാനുള്ള നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക്: 065 067000 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽ നൂർ ദ്വീപ് രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ രാത്രി 12 വരെയും തുറന്ന് പ്രവർത്തിക്കും. വൈകിട്ട് ആറ് വരെയാണ് ബട്ടർഫ്ലൈ ഹൗസ് തുറന്ന് പ്രവർത്തിക്കുക. കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിലുണ്ടായ വിലക്കുകൾ അഴിഞ്ഞ് തുടങ്ങിയതോടെ കുടുംബത്തോടൊപ്പം കളിതമാശകൾ പറഞ്ഞ് ഇഫ്താർ രുചികളാസ്വദിക്കാൻ ഒരവസരം കൂടിയാണിത്. അതിഥികളുടെ മനസ് നിറയ്ക്കാൻ പാകത്തിന് ശലഭവീടും ആകാശക്കാഴ്ച്ചകളും ചേർന്ന് മനസ്സ് കൂളാക്കാനൊരിടം കൂടിയാണ് അൽനൂർ ഐലൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.