ദുബൈ: പ്രവാസികളായ ആലുവക്കാരുടെ കൂട്ടായ്മയായ ആലുവ റസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷന്റെ (അരോമ) 20ാം വാർഷികം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നു മുതൽ ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഷികത്തിന്റെ ഭാഗമായി ‘ഭവനമില്ലാത്തവർക്ക് ഭവനം’ എന്ന പദ്ധതിയിലൂടെ, നിർധനരായ ഒമ്പതുപേർക്ക് വീടുവെച്ചു നല്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി 20 സെൻറ് സ്ഥലം നാട്ടിൽ വാങ്ങിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒമ്പതു ഫ്ലാറ്റുകൾ നിർമിക്കാനാണ് പദ്ധതി. കൂരയില്ലാത്തവർക്ക് വീടുവെച്ച് നൽകുന്നത് മാതൃകാപരമാണെന്നും എം.എൽ.എ പറഞ്ഞു.
രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ സമൂഹിക-സാംസ്കാരിക-കാരുണ്യ രംഗത്ത് നിസ്തുലമായ പ്രവർത്തനങ്ങളാണ് അരോമ കാഴ്ചവെച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ആലുവയിലെ സർക്കാർ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് നടപ്പാക്കിയപ്പോൾ ആദ്യമായി മൂന്നു ഡയാലിസിസ് മെഷീനുകൾ നൽകിയത് അരോമയാണ്. നിർധനരായ 11 പെൺകുട്ടികൾക്ക് 10 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും വിവാഹപ്പുടവയും നൽകി സമൂഹവിവാഹം സംഘടിപ്പിച്ചു.
വെള്ളപ്പൊക്കം ആലുവയിൽ ദുരിതം വിതച്ചപ്പോൾ ഭക്ഷ്യവസ്തുക്കളും വസ്ത്രവുമുൾപ്പെടെ ഒരു കോടിയോളം രൂപയുടെ ദുരിതാശ്വാസം നല്കി. വാർഷികാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിവിൻപോളി മുഖ്യാതിഥിയായിരിക്കും. അരോമ പ്രസിഡൻറ് സിദ്ധീഖ് മുഹമ്മദ് അധ്യക്ഷത വഹിക്കും. അരോമ ജനറൽ സെക്രട്ടറി നാദിർഷ അലി അക്ബർ ‘ഭവനമില്ലാത്തവർക്ക് ഭവനം’ എന്ന പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കും.
അമൃത സുരേഷ്, മുഹമ്മദ് അഫ്സൽ, സുമി അരവിന്ദ്, നീതു ജിനു, ബൈജു ഫ്രാൻസിസ്, അക്ബർഷാ തുടങ്ങിയവരുടെ ഗാനമേളയും കോമഡി ഷോയായ മറിമായത്തിലെ എല്ലാ കലാകാരന്മാരും അണിനിരക്കുന്ന സ്കിറ്റുകളും സിനിമ-ടെലിവിഷൻ താരം ഡയാന നയിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് സിദ്ധീഖ് മുഹമ്മദ്, ജനറൽ സെക്രട്ടറി നാദിർഷ അലി അക്ബർ, ജനറൽ കൺവീനർ ശിഹാബ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.