അബൂദബി: ഹയർ സെക്കൻഡറി പരീക്ഷഫലം വന്നപ്പോൾ മാസ്മരിക വിജയവുമായി അബൂദബി മോഡൽ സ്കൂൾ വിദ്യാർഥി അമൽ ഇമാൻ. 1200ൽ 1195 മാർക്കും നേടിയാണ് അമൽ തുടർ പഠനത്തിന് യോഗ്യത നേടിയത്. നാല് വിഷയങ്ങൾക്കും 200ൽ 200 മാർക്കും നേടി. ഇംഗ്ലീഷിന് മൂന്നും ഫിസിക്സിന് രണ്ടും മാർക്കുമാണ് ആകെ നഷ്ടപ്പെട്ടത്.
പാലക്കാട് മണാർക്കാട് റഫീഖിന്റെയും ഷറീനയുടെയും മകളാണ്. സയൻസ് സ്ട്രീമിൽ യു.എ.ഇയിൽ ഏറ്റവും കൂടുതൽ മാർക്ക് അമലിനാണെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
ദുബൈ: പ്ലസ് ടു പരീക്ഷയിൽ യു.എ.ഇയിലെ സ്കൂളുകൾക്ക് മിന്നും വിജയം. പരീക്ഷ നടന്ന എട്ട് സ്കൂളുകളിൽ നാല് സ്കൂളുകൾ നൂറുമേനി വിജയം നേടി. പരീക്ഷയെഴുതിയ 465 പേരിൽ 447 പേരും ഉപരിപഠന യോഗ്യത നേടി. 96.13 ആണ് വിജയശതമാനം. ഗൾഫിൽ യു.എ.ഇയിൽ മാത്രമാണ് കേരള സിലബസിൽ പ്ലസ്ടു പരീക്ഷ നടന്നത്.
105 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ അബൂദബി മോഡൽ സ്കൂൾ, ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവയാണ് നൂറുമേനി കൊയ്ത വിദ്യാലയങ്ങൾ. 107 പേരെ പരീക്ഷക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച അബൂദബി മോഡൽ സ്കൂളിൽ 47 പേർക്ക് ഫുൾ എ പ്ലസുണ്ട്. സയൻസ്, കോമേഴ്സ് സ്ട്രീമുകളിൽ യു.എ.ഇ ടോപ്പർമാരും ഈ സ്കൂളിലാണ്. സയൻസ് സ്ട്രീമിൽ 1200ൽ 1195 മാർക്ക് നേടി അമൽ ഈമാൻ ഗൾഫിൽ ഒന്നാമതെത്തിയപ്പോൾ 1191 മാർക്ക് നേടി കെ.കെ. മുഹമ്മദ് റാസി രണ്ടാമതെത്തി. കോമേഴ്സ് വിഭാഗത്തിൽ 1192 മാർക്ക് നേടിയ എസ്.എൻ. ഷഹനയാണ് ഗൾഫ് ടോപ്പർ.
90 കുട്ടികൾ പരീക്ഷയെഴുതിയ ദുബൈ ഇന്ത്യൻ മോഡൽ സ്കൂളിൽ 28 പേർ ഫുൾ എ പ്ലസ് നേടി. 23 പേർ പരീക്ഷയെഴുതിയ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ഏഴ് പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 19 പേർ പരീക്ഷയെഴുതിയ അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ രണ്ടുപേർക്കാണ് ഫുൾ എപ്ലസ് നേടാനായത്. 74 പേർ പരീക്ഷയെഴുതിയ ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ 11 പേർക്ക് ഉപരിപഠനയോഗ്യത നേടാനായില്ല.
ആറ് പേർ പരീക്ഷെയഴുതിയ ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്കൂളിൽ രണ്ടുപേർക്കും 44 പേർ പരീക്ഷക്കിരുന്ന ഫുജൈറ ഇന്ത്യൻ സ്കൂളിൽ ഒരാൾക്കും ഉപരിപഠനയോഗ്യത നേടാനായില്ല. ഇവിടെ ഒമ്പതു പേർ മുഴുവൻ വിഷയത്തിലും പ്ലസ് കരസ്ഥമാക്കി.
ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമയിൽ അഞ്ച് പേർക്ക് ഫുൾ എപ്ലസ് ലഭിച്ചപ്പോൾ ആറ് പേർക്ക് ഉപരിപഠനത്തിന് അവസരം ലഭിച്ചില്ല. ഇവരിലൊരാൾ കോവിഡ് ബാധയെ തുടർന്ന് പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.