ദുബൈ: കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ ദുബൈ നഗരത്തിലെ താമസക്കാരുടെ എണ്ണത്തിൽ അത്ഭുത വളർച്ചയെന്ന് കണക്ക്. ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ട പുതിയ കണക്കിലാണ് വിവരം. 1950 മുതൽ 2020 വരെയുള്ള കാലയളവിലാണിത്. 1950ൽ 20,000 ആയിരുന്ന ജനസംഖ്യ 2020ൽ 33 ലക്ഷമായി വർധിച്ചു. 2040ൽ ഇത് 58 ലക്ഷമായി വളരുമെന്നാണ് പ്രതീക്ഷ.
ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിൽ ലഭ്യമായ കണക്കുകൾ പ്രകാരം നഗരത്തിലെ നിലവിലെ ജനസംഖ്യ 35 ലക്ഷമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും എമിറേറ്റിലെ ജനസംഖ്യ ഒരു ലക്ഷത്തിലേറെ വർധിച്ചതായാണ് ഇത് വ്യക്തമാക്കുന്നത്.
2040ഓടെ 58 ലക്ഷം ജനങ്ങൾ എന്നതാണ് ദുബൈ സർക്കാറിന്റെ ലക്ഷ്യം. ഇതിലേക്കുള്ള യാത്ര വേഗത്തിലാണെന്നും മഹാമാരിക്കിടയിലും ദുബൈ മുന്നോട്ടുതന്നെയാണെന്നും സൂചിപ്പിക്കുന്നു പുതിയ കണക്കുകൾ. എക്സ്പോ ഉൾപ്പെടെയുള്ള മേളകളാണ് കഴിഞ്ഞ വർഷം ജനസംഖ്യ കുതിച്ചുയരാൻ ഇടയാക്കിയത്.
യു.എ.ഇ നടപ്പാക്കിയ ഉദാര വിസനിയമങ്ങളും സഹായകമായി. ദുബൈയിൽ ഈ വർഷം പുതിയതായി പഠനത്തിന് ചേർന്ന വിദ്യാർഥികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞു. ആദ്യമായാണ് എമിറേറ്റിൽ ഇത്രയധികം വിദ്യാർഥികൾ പുതിയതായി പ്രവേശനം നേടുന്നത്. കോവിഡിന് മുമ്പ് ഇത് 2.95 ലക്ഷമായിരുന്നു. യു.എ.ഇയുടെ ആകെ ജനസംഖ്യയുടെ 35 ശതമാനവും ദുബൈ എമിറേറ്റിലാണ്. 1990ൽ 4.73 ലക്ഷമായിരുന്നു. 2000ൽ ഇത് 9.07 ലക്ഷം ആയെങ്കിൽ പത്ത് വർഷം കഴിഞ്ഞപ്പോൾ ഇരട്ടിയായി -18 ലക്ഷം. വീണ്ടും പത്ത് വർഷം പിന്നിടുമ്പോൾ ജനസംഖ്യ ഇരട്ടിച്ചു. ഇതിൽ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.