അൽഐൻ: ശൈഖ് ഡോ. സഈദ് ബിൻ തഹ്നൂൻ ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും ഐൻ അൽഐൻ അമിറ്റി ക്ലബ് സംഘടിപ്പിച്ച ഇന്റർനാഷനൽ വടംവലി മഹോത്സവം ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്താത്ത് അങ്കണത്തിൽ നടന്നു. മത്സരത്തിൽ ഫ്രൻഡ്സ് ഓഫ് രജീഷ് കുവൈത്ത് ടീം കിരീടം കരസ്ഥമാക്കി.
ജിംഖാന യു.എ.ഇ-ബി ടീമും പാസോടെക് എ ടീമും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫ്രൻഡ്സ് ഓഫ് രജീഷ് കുവൈത്ത് ടീമിനുവേണ്ടി കേരളത്തിൽ നിന്നുവന്ന് മത്സരിച്ച നിധിൻ കുട്ടനാണ് മത്സരത്തിലെ മാൻ ഓഫ് ദ ടൂർണമെന്റായത്. ശരീരത്തെ ശക്തിപ്പെടുത്തുകയും യുവാക്കളിൽ നിശ്ചയദാർഢ്യത്തിന്റെയും സഹിഷ്ണുതയുടെയും വിജയാന്വേഷണത്തിന്റെയും മനോഭാവം വളർത്തിയെടുക്കുകയും ചെയ്യുന്ന കായികയിനമാണ് വടംവലിയെന്ന് ശൈഖ് ഡോ. സഈദ് ബിൻ തഹ്നൂൻ ആൽ നഹ്യാൻ പറഞ്ഞു. കേരളത്തിന്റെ തനത് ശൈലിയിലുള്ള നെറ്റിപ്പട്ടം നൽകി ഐൻഅൽ ഐൻ അമിറ്റി ക്ലബ് ഭാരവാഹികൾ അദ്ദേഹത്തെ ആദരിച്ചു. അൽഐനിലെ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ വിജയികൾക്ക് ശൈഖ് ഡോ. സഈദ് ബിൻ തഹ്നൂൻ ട്രോഫികൾ വിതരണം ചെയ്തു.
യു.എ.യിൽനിന്നുള്ള പ്രമുഖ ടീമുകൾക്കൊപ്പം കേരളത്തിൽനിന്നുള്ള ഇരുപതോളം മുൻനിരതാരങ്ങളും കുവൈത്ത്, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 18 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മൂവായിരത്തിലേറെ കാണികൾക്ക് നേരിട്ടും പതിനേഴായിരത്തോളം പേർ സമൂഹമാധ്യമങ്ങളിലൂടെയും തത്സമയ മത്സരക്കാഴ്ചയൊരുക്കാനും വടംവലി മഹോത്സവത്തിന് സാധിച്ചതായി സംഘാടകർ അറിയിച്ചു. കേരളത്തിലെ വടംവലി വേദികളിൽ സജീവ ശബ്ദസാന്നിധ്യമായ സന്തോഷ് പെരുമ്പാവൂരിന്റെ പങ്കാളിത്തം മത്സരത്തിന് ആവേശം പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.