ദുബൈ: വിസ നിയമ ലംഘകർക്ക് ഇളവ് നൽകുന്നതിനായി യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ഇതുവരെ സഹായം തേടിയത് 10,000 പ്രവാസികൾ. ബുധനാഴ്ച വാർത്താക്കുറിപ്പിലാണ് കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്.
പൊതുമാപ്പ് നടപടികൾ ആരംഭിച്ച സെപ്റ്റംബർ ഒന്ന് മുതൽ നിയമലംഘകരായ പ്രവാസികളെ സഹായിക്കുന്നതിനായി വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും അൽ അവീർ സെന്ററിലും ഹെൽപ് ഡെസ്ക് പ്രവർത്തിച്ചുവരുന്നുണ്ട്. ഇതുവഴിയാണ് 10,000 പേർക്ക് പൊതുമാപ്പ് നടപടികൾ പൂർത്തീകരിക്കാനായി സഹായ സൗകര്യങ്ങൾ നൽകിയത്.
1300 പാസ്പോർട്ടുകളും1700 അടിയന്തര സർട്ടിഫിക്കറ്റുകളുമാണ് കോൺസുലേറ്റ് ഇതുവരെ അനുവദിച്ചത്. കൂടാതെ 1500ലധികം എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനും വിവിധ തരത്തിലുള്ള ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങൾ നൽകിയതായും കോൺസുലേറ്റ് വ്യക്തമാക്കി.
ഒക്ടോബർ 31ന് പൊതുമാപ്പ് കാലയളവ് അവസാനിക്കുന്ന സാഹചര്യത്തിൽ ദുബൈയിലും വടക്കൻ എമിറേറ്റുകളിലും അനധികൃതമായി താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കോൺസുലേറ്റ് അഭ്യർഥിച്ചു.
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി വിസ രേഖകൾ നിയമ വിധേയമാക്കി രാജ്യത്ത് തുടരാനും എക്സിറ്റ് പെർമിറ്റ് നേടി രാജ്യം വിടാനും അവസരമുണ്ട്. കേസുകൾ ഇല്ലെങ്കിൽ മറ്റ് പിഴകളിൽ ഇളവ് നേടി വിസ നിയമവിധേയമാക്കാം. ആനുകൂല്യം നേടി രാജ്യം വിടുന്നവർക്ക് തിരികെ വരാനും പ്രയാസമില്ലെന്നാണ് യു.എ.ഇ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
അതേസമയം, വിസിറ്റിങ്/റസിഡൻസ്/ടൂറിസ്റ്റ് വിസകളിൽ രാജ്യത്തേക്ക് തിരികെ യാത്ര ചെയ്യുന്നവർ പ്രാദേശിക ഭരണകൂടത്തിന്റെ നിയമനടപടികൾ പിന്തുടരണമെന്നും കോൺസുലേറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.