ദുബൈ: യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം അവസാനിച്ചപ്പോൾ 3700 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ എക്സിറ്റ് പാസ് സ്വന്തമാക്കിയതായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവർക്ക് സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ നാലുമാസമാണ് യു.എ.ഇ പൊതുമാപ്പ് അനുവദിച്ചത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനപരിധിക്ക് കീഴിൽ വരുന്ന ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽനിന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരുടെ കണക്കുകളാണ് കോൺസുലേറ്റ് പങ്കുവെച്ചത്.
15,000 ഇന്ത്യൻ പ്രവാസികളാണ് പൊതുമാപ്പ് ആനുകൂല്യം സംബന്ധിച്ച സേവനം ആവശ്യപ്പെട്ട് ദുബൈ കോൺസുലേറ്റിനെ സമീപിച്ചത്. ഇവരിൽ 3700 പേർ നാട്ടിലേക്ക് മടങ്ങാൻ എക്സിറ്റ് പാസ് കൈപ്പറ്റി. പാസ്പോർട്ട് നഷ്ടപ്പെട്ട 2117 പേർക്ക് പുതിയ പാസ്പോർട്ട് നൽകിയതായി കോൺസുലേറ്റ് അറിയിച്ചു. 3586 പേർക്ക് താൽക്കാലിക പാസ്പോർട്ടായ എമർജൻസി സർട്ടിഫിക്കറ്റും നൽകി. നിരവധിപേർക്ക് ഫീസ് ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സാധിച്ചെന്നും കോൺസുലേറ്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പൊതുമാപ്പ് കാലത്ത് സേവനത്തിനായി രംഗത്തുവന്ന സന്നദ്ധപ്രവർത്തകർക്ക് കോൺസുലേറ്റ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.