അബൂദബി: യു.എ.ഇയിൽ രണ്ടുമാസക്കാലത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഇളവ് പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണ കാളുകൾ ഹെൽപ് ഡെസ്കുകളിലേക്ക് എത്തിത്തുടങ്ങി.
പൊതുമാപ്പ് ആർക്കൊക്കെയാണ് ഉപകാരപ്പെടുക, എങ്ങനെയാണ് അപേക്ഷിക്കേണ്ടത് തുടങ്ങിയ കാളുകളാണ് കേരള സോഷ്യൽ സെന്റർ, അബൂദബി കെ.എം.സി.സി തുടങ്ങിയവർ സജ്ജീകരിച്ച ഹെൽപ് ഡെസ്കുകളിലേക്ക് എത്തിയത്. അതേസമയം, പ്രാഥമിക ഘട്ടത്തിൽ ഹെൽപ് ഡെസ്കുകൾക്ക് കേസുകളിൽ നേരിട്ട് ഇടപെടേണ്ട സാഹചര്യം ഇല്ല എന്നതിനാൽ കൃത്യമായ വിവരങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്.
പൊതുമാപ്പുമായി ബന്ധപ്പെട്ട് യു.എ.ഇ സർക്കാറിന് സമർപ്പിക്കേണ്ട പ്രധാന രേഖകളിലൊന്ന് പാസ്പോർട്ടാണ്. ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ സഹായിക്കാനും 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ടും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും (ഇ.സി) നൽകാൻ പ്രത്യേക സംവിധാനം ഒരുക്കാൻ ബി.എൽ.എസ് സെന്ററുകൾക്ക് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഹെൽപ് ഡെസ്കുകൾ പൊതുമാപ്പ് ആവശ്യങ്ങളുമായി വരുന്നവരെ ബി.എൽ.എസ് ഓഫിസുകളുമായി ബന്ധപ്പെടുത്തിക്കൊടുക്കുകയാണ് പ്രധാനമായും ചെയ്യുക. കേസുകൾ കൂടുതലായി വരുന്ന സാഹചര്യത്തിൽ, ബി.എൽ.എസിന് പരിമിതികൾ ഉണ്ടായാൽ മാത്രമേ ഹെൽപ് ഡെസ്കുകൾക്ക് കൂടുതലായി ഇടപെടേണ്ടി വരുകയുള്ളൂ. കേരള സോഷ്യൽ സെന്ററിൽ ഇന്നലെ വന്ന പത്തോളം കാളുകളിൽ അധികവും ആർക്കൊക്കെ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ കഴിയും എന്ന സംശയമാണ് ഉണ്ടായത്.
ക്രിമിനൽ പശ്ചാത്തലമുള്ള കേസുകൾ ഒഴിച്ചാൽ ബാക്കിയുള്ള അധികം കടമ്പകളും കടന്ന് പൊതുമാപ്പ് ഉപകാരപ്പെടുത്താൻ സാധിക്കും എന്നുതന്നെയാണ് അധികൃതർ നൽകുന്ന വിവരം.
പല സാഹചര്യങ്ങളിൽ സ്പോൺസർമാർ പിടിച്ചുവെച്ചതിനെത്തുടർന്ന് പാസ്പോർട്ട് ഇല്ലാതെ കഷ്ടപ്പെടുന്നവർ, ഓവർ സ്റ്റേ ആയി വൻ തുക പിഴ ഒടുക്കേണ്ടി വരുന്നവർ, പാസ്പോർട്ട് നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് ഔട്ട് പാസ് കിട്ടാൻ ബി.എൽ.എസ് കൗണ്ടർ പൊതുമാപ്പ് കാലാവധി കഴിയുംവരെ എല്ലാ ദിവസവും പ്രവർത്തിക്കും. പ്രശ്നങ്ങൾ ഉള്ളവർക്ക് നേരിട്ട് ബി.എൽ.എസ് കൗണ്ടറുകളെ സമീപിക്കാം.
ഇവിടെനിന്ന് ലഭിക്കുന്ന രേഖകൾ അംഗീകൃത ടൈപ്പിങ് സെന്ററുകൾ മുഖേന ഓൺലൈനായോ യു.എ.എ സർക്കാറിന്റെ ഐ.സി.പി (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺസ്ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി) ഓഫിസുകളിൽ ബന്ധപ്പെട്ടോ പൊതുമാപ്പിനുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.
അബൂദബിയുടെ പരിധിയിൽ ഷഹാമ, സ്വൈഹാൻ, അൽ ദഫ്റ എന്നിവിടങ്ങളിൽ ഐ.സി.പി ഓഫിസുകളുണ്ട്. അല്‍ റീം, മുസ്സഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്തി യാത്രരേഖകള്ക്കായി അപേക്ഷ സമര്‍പ്പിക്കാമെന്നും ഇതിനായി മുന്‍കൂര്‍ ബുക്കിങ് നടത്തേണ്ടതില്ലെന്നും ഇന്ത്യൻ എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി) അനുവദിക്കും.
അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ ഇ.സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് കോണ്‍സുലാര്‍ ഓഫിസില്‍ നിന്ന് കൈപ്പറ്റാം. റെസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനാഗ്രഹിക്കുന്നവര്ക്ക് അല്‍റീം, മുസ്സഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്തി ഹ്രസ്വ കാലാവധിയുള്ള പാസ്പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്. ബി.എല്‍.എസ് കേന്ദ്രങ്ങളെല്ലാം ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും.
രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുമാപ്പ് കാലയളവില്‍ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെയുള്ള സമയത്ത് യാത്രരേഖകളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് അറിയുന്നതിനായി 050-8995583 നമ്പറില്‍ വിളിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.