ദുബൈ: സാങ്കേതികപരമായ വിഷയങ്ങളെ തുടർന്ന് പൊതുമാപ്പ് കേന്ദ്രങ്ങളിൽ നവംബർ രണ്ട്, മൂന്ന് തീയതികളിൽ സേവനം മുടങ്ങുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസ് അറിയിച്ചു. അൽ അവീറിലും ദുബൈ കോൺസുലേറ്റ് ഓഫിസിലും പ്രവർത്തിച്ചിരുന്ന ഹെൽപ് ഡെസ്കുകളാണ് രണ്ട് ദിവസം പ്രവർത്തന രഹിതമാവുക.
വെള്ളിയാഴ്ച സാമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് ഇളവ് രണ്ടു മാസം കൂടി നീട്ടിയതായി കഴിഞ്ഞ ദിവസം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇളവ് രണ്ട് മാസംകൂടി നീട്ടിയതോടെ വിസ നിയമലംഘകർക്ക് പിഴ കൂടാതെ എക്സിറ്റ് പെർമിറ്റ് നേടി സ്വദേശത്തേക്ക് മടങ്ങാനും വിസ നിയമവിധേയമാക്കി രാജ്യത്ത് തുടരാനും കൂടുതൽ സമയം ലഭിക്കും.
പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് എല്ലാ സഹായവും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സിറ്റ് പെർമിറ്റ് നേടിയ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കാനായി എയർ ഇന്ത്യ എക്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുമായി കോൺസുലേറ്റ് സഹകരിക്കുന്നുണ്ട്.
അതോടൊപ്പം വിസ നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിൽ അവസരം ഒരുക്കാൻ വിവിധ കമ്പനികളുമായും കോൺസുലേറ്റ് പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.