അബൂദബി: നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവർക്ക് പദവി ശരിയാക്കി നല്ല വിസയിൽ രാജ്യത്ത് തുടരുകയോ ശിക്ഷകളില്ലാതെ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാൻ സുവർണാവസരം നൽകുന്ന പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ നിയമങ്ങളും പരിശോധനകളും കർശനമാകുമെന്ന് സൂചന. ഒപ്പം കുറ്റവാളികളും അപകടകാരികളുമായ ആളുകൾ രാജ്യത്ത് എത്തുന്നതും തങ്ങുന്നതും തടയുന്നതിനും ശക്തമായ നീക്കങ്ങൾ ഉണ്ടാവും. സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവരാണ് താമസ നിയമ ലംഘകരിൽ അധികവും എന്നത് വ്യക്തമായതിനാൽ ഇത്തരം അനിഷ്ട സാഹചര്യങ്ങൾ ഭാവിൽ ഉണ്ടാവാത്ത രീതിയിൽ നിയമങ്ങൾ കർശനമാക്കാനാണ് ആലോചന.
തൊഴിൽ അന്വേഷണത്തിന് സന്ദർശക വിസയോ, വിനോദ സഞ്ചാര വിസയോ എടുത്ത് എത്തുന്നവർ പിന്നീട് കാലാവധി കഴിഞ്ഞിട്ടും പോകാതെ രാജ്യത്ത് തുടരുന്ന കേസുകൾ കൂടുതലാണ്. ജോലി ലഭിച്ചേക്കുമെന്നും അപ്പോൾ പിഴ അടക്കാമെന്നുമെല്ലാം കണക്കുകൂട്ടി നിൽക്കുന്നവർക്ക് കരുതുന്ന സമയത്ത് ജോലി ശരിയാവാതെ വരുന്നതോടെ പിന്നെ നിയമം ലംഘിച്ച് ഒളിച്ചും പാത്തും കഴിയുകയാണ് പലരുടെയും രീതി. മൂന്നു മുതൽ ആറു മാസം വരെ നീളുന്ന തൊഴിലന്വേഷക വിസ ഏർപ്പെടുത്തി ഇത്തരം നിയമലംഘനങ്ങൾ ഇല്ലാതാക്കാൻ ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് അധികൃതർ ആലോചിക്കുന്നുണ്ട്.
നിലവിൽ സ്വയം വെളിപ്പെടുത്തി മുന്നോട്ടുവരുന്ന നിയമലംഘകരെ ആംനസ്റ്റി കേന്ദ്രങ്ങളിൽ അതിഥികളെ എന്ന പോലെ സ്വീകരിച്ചാണ് ഉദ്യോഗസ്ഥർ രേഖകൾ ശരിയാക്കി നൽകുന്നത്. യാതൊരു ബുദ്ധിമുട്ടും ഒരു അപേക്ഷകനും അനുഭവിക്കേണ്ടി വരരുതെന്നും അഭിമാനക്ഷതം ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും യു.എ.ഇ ഭരണകൂടവും പൗരത്വകാര്യ ഫെഡറൽ അതോറിറ്റി, എമിഗ്രേഷൻ ഉന്നതരും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സന്ദർശക^തൊഴിലന്വേഷണ വിസ അപേക്ഷക്ക് കരുതൽ നിക്ഷേപവും ഏർപ്പെടുത്തിയേക്കും. കാലാവധി കഴിയുേമ്പാൾ ഇവർ നിയമം ലംഘിക്കാനെ നാട്ടിലേക്ക് മടങ്ങുമെന്ന് ഉറപ്പാക്കുവാനാണ് ഇൗ പദ്ധതി. അതിനൊപ്പം അനധികൃതമായി തങ്ങുന്നവരുടെ വിമാന ടിക്കറ്റ് ചാർജ് അവരുടെ രാജ്യങ്ങളുടെ എംബസികൾ വഹിക്കണമെന്ന വ്യവസ്ഥയും വന്നേക്കും.
പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യമൊട്ടുക്കും കർശന പരിശോധനകളാണ് ആരംഭിക്കുകയെന്ന് റസിഡൻറ്സി അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ സഇൗദ് റകാൻ അൻ റഷീദി, നിയമോപദേഷ്ടാവ് ഡോ. യൂസുഫ് അൽ ശരീഫ് എന്നിവർ വ്യക്തമാക്കി. വലിയ പിഴയും തടവുമുൾപ്പെടെ ശിക്ഷകളുമുണ്ടാവും. നാടുകടത്തുകയും ചെയ്യും. രേഖകളില്ലാത്ത, ശരിയായ വിസയിലല്ലാത്ത ആളുകളെ ജോലിക്ക് നിയോഗിക്കുന്ന സ്പോൺസറും ബിസിനസുകാരും ഒാരോ തൊഴിലാളിയുടെ പേരിലും അര ലക്ഷം ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. നിയമലംഘനം ആവർത്തിച്ചാൽ അത് ഒരു ലക്ഷമായി ഉയരും. തൊഴിൽ കേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ, ഫാമുകൾ എന്നിവയിലെല്ലാം കർശനമായ പരിശോധനയാണ് ആരംഭിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.