റാസല്‍ഖൈമ: 15 മിനിറ്റ് മാത്രം സമയദൈര്‍ഘ്യത്തില്‍ ദുബൈയില്‍ നിന്ന് റാസല്ഖൈമയിലെത്താന് കഴിയുന്ന ‘പറക്കും ടാക്സികള്‍’ അവതരിപ്പിക്കാന്‍ സ്കൈപോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറുമായി കരാറില്‍ ഒപ്പിട്ട് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (റാക്ട) റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും (റാക് ടി.ഡി.എ). റാസല്‍ഖൈമയിലെ പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് 2027 മുതല്‍ പറക്കും ടാക്സികളുടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റാക് ടി.ഡി.എ, റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട), സ്കൈപോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവര്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (എ.ടി.എം) രണ്ടാം ദിനത്തില്‍ ഇതുസംബന്ധിച്ച് ധാരണപത്രത്തില്‍ ഒപ്പിട്ട ശേഷം സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം.
കുറഞ്ഞ സമയത്തിനുള്ളില്‍ വിനോദ സഞ്ചാരികളെ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുകയെന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് എയര്ടാക്സികളെന്ന് റാക് ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. ഇത് ഗതാഗത മേഖലയുടെ ഭാവിയാണ്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് റാക് അല്‍ മര്‍ജാന്‍ ഐലന്റിലേക്ക് യാത്ര ദൈര്‍ഘ്യം 15-18 മിനിറ്റായി കുറയുന്നത് റാസല്‍ഖൈമക്ക് നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും റാക്കി ഫിലിപ്പ്സ് പറഞ്ഞു. കരാര്‍ പ്രകാരം റാസല്‍ഖൈമയിലെ ആദ്യത്തെ ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് (ഇ.വി.ടി.ഒ.എല്‍) എയര്‍ ടാക്സി ഇക്കോ സിസ്റ്റത്തിന്റെ രൂപകൽപനയും നിര്‍മാണ പ്രവൃത്തികള്‍ക്കും ഉടന്‍ തുടക്കമാകും.
റാക് വിമാനത്താവളം, അല്‍ മര്‍ജാന്‍ ഐലന്റ്, ജസീറ അല്‍ ഹംറ, ജബല്‍ ജെയ്സ് തുടങ്ങിയ നാല് സുപ്രധാന കേന്ദ്രങ്ങളിലാണ് വെര്ട്ടി പോര്‍ട്ടുകള്‍ നിര്‍മിക്കുക. റാക്ട, റാക് ടി.ഡി.എ, സ്കൈപോര്‍ട്സ് സംയുക്ത സഹകരണത്തിലാകും ഇ.വി.ടി.ഒ.എല്‍ ഒരുങ്ങുക. മര്‍ജാന്‍ ദ്വീപില്‍ ഒരു കോഫി കുടിച്ച് 20 മിനിറ്റിനുള്ളില്‍ ജബല്‍ ജെയ്സിലെത്തി മറ്റൊരു കാപ്പി കുടിക്കുകയും ചെയ്യുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് സ്കൈപോര്‍ട്സ് റീജനല്‍ മാനേജര്‍ ഡാനിയല്‍ നീല്‍ അഭിപ്രായപ്പെട്ടു.
എയര്‍ ടാക്സി പദ്ധതിക്ക് മുന്‍കൈയെടുത്ത റാക് സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഗതാഗത ശൃംഖലകളുമായി സംയോജിപ്പിച്ചാണ് സ്കൈപോര്ട്ടുകളുടെ പ്രവര്‍ത്തനമെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന് അല്‍ ബലൂഷി പറഞ്ഞു. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രയാണ് ഞങ്ങളുടെ വാഗ്ദാനം. സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഇസ്മായില്‍ ഹസന് അഭിപ്രായപ്പെട്ടു.
വിനോദസഞ്ചാരികൾ വര്‍ധിക്കും
റാസല്‍ഖൈമ: 2027ല്‍ വെര്ട്ടി പോര്‍ട്ട് നെറ്റ്വര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ റാസല്‍ഖൈമയുടെ വിജയവഴികള്‍ക്ക് തിളക്കമേറും. 2030ഓടെ മൂന്നര ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ റാസല്‍ഖൈമയില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.
ഇതിനനുബന്ധമായി ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കാനും അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്കും അധികൃതര്‍ തുടക്കമിട്ടിരുന്നു. ‘പറക്കും ടാക്സികള്‍’ കൂടി വരുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് യു.എ.ഇയിലുടനീളമുള്ള എയര്‍ ടാക്സി നെറ്റ് വര്‍ക്കുകളുമായി സംയോജിപ്പിക്കാനുള്ള അവസരങ്ങളും തുറക്കും. 2026ല്‍ ദുബൈയില്‍ എയര്‍ ടാക്സികള്‍ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷമാദ്യം ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) ആറ് എയര്‍ ടാക്സികള്‍ പുറത്തിറക്കാന്‍ ബന്ധപ്പെട്ടവരുമായി കരാര്‍ ഒപ്പിട്ടിരുന്നു. ദുബൈക്ക് പിറകെയാണ് റാസല്‍ഖൈമയുടെയും എയര്‍ ടാക്സി പ്രഖ്യാപനം. വരും നാളുകളില്‍ മറ്റു എമിറേറ്റുകളിലെ വിനോദ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി എയര്‍ ടാക്സി പ്രഖ്യാപനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.