അബൂദബി: ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയകാല കാർഷിക സംസ്കാരത്തിന്റെ ഓർമയുണർത്തുന്ന കൊയ്ത്തുത്സവം അബൂദബി മാർത്തോമ ദേവാലയത്തിൽ ഞായറാഴ്ച നടക്കും. മുസഫ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കുന്ന വമ്പൻ മേള നടക്കുക. രാവിലെ 9.30ന് നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.
‘സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ എന്നതാണ്’ ഇത്തവണത്തെ പ്രമേയം. വൈകുന്നേരം മൂന്നിന് നടക്കുന്ന വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക. ഗായകൻ ഇമ്മാനുവേൽ ഹെന്റി, വിജയ് ടി.വി സ്റ്റാർ സിങ്ങർ ഫെയിം അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹതാളം എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറും. 52 ഭക്ഷണ സ്റ്റാളുകളിലൂടെ നടക്കുന്ന ഭക്ഷ്യമേളയാണ് മുഖ്യാകർഷണം. കേരളത്തനിമ നിറഞ്ഞ ഭക്ഷണവിഭവങ്ങൾ, ലൈവ് തട്ടുകടകൾ, വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ മേളയുടെ ഭാഗമാകും. ഇടവക വികാരി റവ.ജിജോ സി.ഡാനിയേൽ, സഹ വികാരി റവ.ബിജോ എ.തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു, ജോയന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.