അബൂദബി: പാമ്പുകടി ഉൾപ്പെടെ വിഷബാധയേൽക്കുന്നവർക്കുള്ള ചികിത്സയായ ആന്റിവെനത്തിന് അനുഭവപ്പെടുന്ന രൂക്ഷമായ ക്ഷാമത്തിന് പരിഹാരം കാണാന്‍ അബൂദബി കമ്പനി. ഇതിനായി വിഷപ്പാമ്പുകളെയും തേളുകളെയും വളര്‍ത്തുകയാണ് കമ്പനി. പ്രതിവര്‍ഷം ആയിരക്കണക്കിന് പേര് ആന്റിവെനം ലഭിക്കാതെ മരിക്കുന്ന സാഹചര്യത്തിലാണ് അംസാല്‍ എന്ന കമ്പനി അബൂദബിയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ അല്‍ വത്ബയില് ഇത്തരമൊരു ദൗത്യവുമായി പ്രവര്‍ത്തിക്കുന്നത് പല രാജ്യങ്ങളിലും പാമ്പുകടികള്ക്കും അതീവ വിഷമുള്ള തേള് കുത്തലുകള്ക്കും ഫലപ്രദമായ മരുന്ന് ആവശ്യത്തിനില്ലാത്തത് ജീവൻ നഷ്ടമാവുന്നതിന് കാരണമാവുകയാണ്.
ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാണ് അംസാല്‍ പ്രവര്‍ത്തനം തുടങ്ങിയത്. 25 ഇനത്തില്‍പെട്ട 2000 വിഷപ്പാമ്പുകളെയും 45 ഇനത്തില്‍പെട്ട നിരവധി വിഷത്തേളുകളെയുമാണ് അംസാല്‍ വളര്‍ത്തുന്നത്. പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ കൂടുകളിലാണ് ഇവയെ വളര്‍ത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിനനുസൃതമായാണ് തങ്ങള്‍ വിഷം ശേഖരിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ. മുഹമ്മദ് ബഷ്ത പറയുന്നു.
പശ്ചിമേഷ്യയിലും ആഫ്രിക്കയും യു.എ.ഇയിലുമാണ് കമ്പനി ശേഖരിക്കുന്ന വിഷം മരുന്നുഗവേഷണത്തിനായി ഉപയോഗിക്കുന്നത്. അബൂദബിയില്‍ ആന്റിവെനം ഉൽപാദന യൂനിറ്റ് ആരംഭിക്കുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്നും വൈകാതെ ആന്റിവെനം കയറ്റുമതി രംഗത്തേക്കുകൂടി കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഓരോ വര്‍ഷവും 54 ലക്ഷത്തോളം പാമ്പുകടികള്‍ ഉണ്ടാവുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇതില്‍ 27 ലക്ഷം കേസുകളിലും വിഷബാധയുണ്ടാവും. ഇതിലൂടെ ലക്ഷം മരണങ്ങളും മൂന്നു ലക്ഷത്തോളം അവയവങ്ങള്‍ മുറിച്ചുമാറ്റലും മറ്റു വൈകല്യങ്ങളും സംഭവിക്കുന്നതായും ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു. 2030 ഓടെ പാമ്പുകടികളിലൂടെയുള്ള മരണനിരക്കും മറ്റു വൈകല്യങ്ങളും പകുതിയായി കുറക്കാനായി 2017ല്‍ ലോകാരോഗ്യ സംഘടന ആഗോളപദ്ധതിക്കു തുടക്കം കുറിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ പതിനായിരത്തോളം പേര്‍ക്കാണ് വര്‍ഷംതോറും വിഷപ്പാമ്പുകളുടെ കടിയേൽക്കുന്നത്.
ഇറാഖ്, ജോർഡന്, ലബനാന്, ഒമാന്‍, സൗദി അറേബ്യ, യമന്‍ എന്നീ രാജ്യങ്ങളിലാണ് പശ്ചിമേഷ്യയില്‍ കൂടുതലായി വിഷപ്പാമ്പുകള്‍ മനുഷ്യരെ കടിക്കുന്നത്. പശ്ചിമേഷ്യയില്‍ 19 ഇനം വിഷപ്പാമ്പുകളാണുള്ളത്. യു.എ.ഇയില്‍ വിഷത്തേളുകളാണ് കൂടുതലായി ഉള്ളത്. മൂന്നോ നാലോ ഇനം പാമ്പുകളിലാണ് കൊടുംവിഷമുള്ളത്. യു.എ.ഇയില്‍ 13 സ്വദേശി ഇനം പാമ്പുകള്‍ ഉണ്ടെങ്കിലും അണലി ഇനത്തില്‍പെട്ട നാലിനം പാമ്പുകളാണ് അപകടകാരിയായുള്ളത്.
ഒരു ഗ്രാം വിഷമുണ്ടാക്കണമെങ്കില് 1500 മുതല്‍ 3000 വരെ തേളുകള്‍ വേണമെന്ന് മുഹമ്മദ് ബഷ്ദ പറഞ്ഞു. ഒരു ഗ്രാം വിഷംകൊണ്ട് 20,000 മുതല്‍ 50,000 ഡോസ് വരെ ആന്റിവെനം ഉൽപാദിപ്പിക്കാന് കഴിയും. ഒരു ഗ്രാം തേള് വിഷത്തിന് 7000 മുതല്‍ 10,000 ഡോളര്‍ വരെ ലഭിക്കും. തേളുകളെ ചെറിയ തോതില്‍ വൈദ്യുതാഘാതം ഏൽപിച്ചാണ് വിഷം ശേഖരിക്കുന്നത്. അതേസമയം, 20 പാമ്പുകളില്‍നിന്ന് ഒരു ഗ്രാം വിഷം ശേഖരിക്കാനാവും.
ഇതിനാല്‍ പാമ്പുവിഷത്തിന് വലിയ വിലയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.