ദുബൈ: അറബ്-ചൈനീസ് സഹകരണം ശക്തിപ്പെടുത്താൻ അയൽ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ അദ്ദേഹം 10ാമത് ചൈന-അറബ് രാഷ്ട്ര സഹകരണ ഫോറത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും വിവിധ അറബ് രാഷ്ട്രങ്ങളിലെ മുതിർന്ന നേതാക്കളും ഫോറത്തിൽ സന്നിഹിതരായിരുന്നു.
യോഗത്തിന് ആതിഥേയത്വംവഹിച്ചതിനും അധ്യക്ഷനായതിനും പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് ശൈഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. ചൈന തുടർച്ചയായ വികസനവും വളർച്ചയും കൈവരിക്കുമെന്നും സമീപഭാവിയിൽ അറബ്-ചൈനീസ് സംയുക്ത സഹകരണം വർധിപ്പിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു വെല്ലുവിളികളെ നേരിടാൻ ലോകം ഒന്നിക്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യേണ്ട സമയത്താണ് ചൈന-അറബ് രാഷ്ട്ര സഹകരണ ഫോറത്തിന്റെ മന്ത്രിതല യോഗം ചേർന്നിരിക്കുന്നത്.
രാജ്യങ്ങളുടെ പുരോഗതിക്കും അവരുടെ ജനങ്ങളുടെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും വരും തലമുറകൾക്ക് നല്ല ഭാവി ഉറപ്പാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ് അന്താരാഷ്ട്ര സഹകരണം -അദ്ദേഹം വ്യക്തമാക്കി. ഗസ്സ യുദ്ധത്തിന്റെ സാഹചര്യത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഗസ്സ മുനമ്പിൽ അടിയന്തര വെടിനിർത്തൽ കൈവരിക്കുന്നതിനും സിവിലിയന്മാർക്ക് സംരക്ഷണം നൽകുന്നതിനും മാനുഷിക സഹായത്തിന്റെ ഒഴുക്ക് ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ആവശ്യമാണെന്ന് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ ദക്ഷിണ കൊറിയയിലെ സന്ദർശനം പൂർത്തീകരിച്ച ശേഷമാണ് ശൈഖ് മുഹമ്മദ് ചൈനയിലെത്തിയത്. അബൂദബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങി പ്രമുഖർ സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.