അബൂദബി: പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദര്‍ശനമായ അബൂദബി ഇന്റര്‍നാഷനല്‍ ഹണ്ടിങ് ആന്റ് ഇക്വേസ്ട്രിയന്‍ എക്സിബിഷന് ‘അഡിഹെക്സ്’ ആഗസ്ത് 23 മുതല്‍ 29 വരെ അരങ്ങേറും. അഡിഹെക്സിന്റെ 20ാമത് എഡിഷനാണ് അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുക. 44 ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് 680നു മേല്‍ ലോകോത്തര ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം അരലക്ഷം ചതുരശ്ര മീറ്ററിലാണ് അഡ്നെകില്‍ ഒരുക്കുക.
പ്രദര്‍ശകരുടെ എണ്ണം, സന്ദര്‍ശകരുടെ എണ്ണം, രാജ്യങ്ങള്‍, പ്രദര്‍ശന സ്ഥലത്തിന്റെ വലിപ്പം, പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍ തുടങ്ങി എല്ലാ വിധത്തിലും ബൃഹത്തായ പ്രദര്‍ശനമായിരിക്കും ഇക്കുറി അരങ്ങേറുക. വേട്ട, കുതിരയോട്ടം, മറ്റ് പരമ്പരാഗത കായിക പരിപാടികള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ഇവിടെ സജ്ജീകരിക്കുക. ഫാല്‍ക്കണുകള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, സലൂകി എന്നിവയുടെ ലേലവും സൗന്ദര്യ മല്‍സരവും പ്രദര്‍ശനത്തില്‍ അരങ്ങേറും.
വേട്ടയാടല്‍, ക്യാമ്പിങ്, ക്യാമ്പിങ് ഉപകരണങ്ങള്‍, വേട്ടയാടുന്നതിനുള്ള തോക്കുകള്‍, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക പൈതൃകം, മല്‍സ്യബന്ധന ഉപകരണങ്ങള്‍, മറൈന്‍ സ്പോര്‍ട്സ് തുടങ്ങിയ 11 മേഖലകളിലാണ് അഡിഹെക്സ് പ്രദര്‍ശനം ശ്രദ്ധയൂന്നിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ഫാല്‍ക്കണെ ലേലം ചെയ്ത് അബൂദബി അഡിഹെക്സ് എക്സിബിഷന് ചരിത്രം രചിച്ചിരുന്നു. ആറാം ദിവസം ഫാല്‍ക്കൺറി വേദിയില്‍ തീപാറും ലേലം വിളിയാണ് അരങ്ങേറിയത്. ഒടുവിൽ 1,010,000 ദിര്‍ഹമിന് (ഏകദേശം രണ്ടേകാല്‍ക്കോടി രൂപ) പ്യുവര്‍ ഗൈര്‍ അമേരിക്കന്‍ അള്‍ട്രാവൈറ്റ് വിഭാഗത്തിലുള്ള ഫാല്‍ക്കണ്‍ വിറ്റുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.