ദുബൈ: അബൂദബി ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ചും ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും അറബ് ലീഗ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്. ഈജിപ്ത് തലസ്ഥാനമായ കൈറോവിലാണ് യോഗം ചേർന്നത്.
ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിവിലിയൻ കേന്ദ്രങ്ങൾക്കും എണ്ണവിതരണ ശൃംഖലക്കും ലോക സാമ്പത്തിക സുസ്ഥരിതക്കും വെല്ലുവിളിയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ഹൂതികൾ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണി ഉയർത്തുകയും ദേശീയ അറബ് സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതായും അറബ് ലീഗ് വ്യക്തമാക്കി. കൂട്ടായ്മയിലെ സ്ഥിരം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ യു.എ.ഇ സഹമന്ത്രി ഖലീഫ അൽ മറാർ സംസാരിച്ചു. അന്താരാഷ്ട്ര സമൂഹം ഹൂതികൾക്കെതിരെ നിർണായക നിലപാട് സ്വീകരിച്ചില്ലെങ്കിൽ മേഖലയിലും യമൻ ജനതക്കും എതിരെ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ അവർക്ക് വലിയ അവസരമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിൽ അറബ് ലീഗ് അധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്താണ് യോഗത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹവും ഗൾഫ് രാജ്യങ്ങളും നേരത്തെ തന്നെ ശക്തമായ നിലപാടുമായി രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതി ആക്രമണത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കുകയുമുണ്ടായി. അബൂദബി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.