ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. മേയ് നാല് വരെ നീണ്ടുനിൽക്കുന്ന മേളയിൽ 100 രാജ്യങ്ങളിലെ 2000ഓളം പ്രദർശകർ അണിനിരക്കും. ഇതിൽ 100ഓളം പുതിയ പ്രദർശകരുമുണ്ടാകും.
സാങ്കേതികവിദ്യക്ക് ഊന്നൽ നൽകിയായിരിക്കും 30ാം എഡിഷൻ അരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച 80ലധികം ട്രാവൽ ടെക്നോളജി കമ്പനികളെ ഇക്കുറി അവതരിപ്പിക്കും. സാങ്കേതിക മേഖലക്കായി മാത്രം 2000 ചതുരശ്ര മീറ്ററിലധികം പ്രദർശനസ്ഥലം മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54.7 ശതമാനം വർധനയാണ് ഈ മേഖലക്ക് ഇക്കുറി നൽകിയിരിക്കുന്നത്. ഈ മേഖലയിലെ നിർമിത ബുദ്ധിയുടെ കടന്നുവരവ് ചർച്ചാവിഷയമാകും.
പരിസ്ഥിതി സൗഹൃദ യാത്രാ പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ സുസ്ഥിരതാ ഹബ്ബുമുണ്ടാകും. എ.ടി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഹബ് സ്ഥാപിക്കുന്നത്. ‘വർക്കിങ് ടുവേർഡ് നെറ്റ് സീറോ’ എന്ന വിഷയത്തിലൂന്നിയായിരിക്കും ഇവിടെയുള്ള സെഷനുകൾ അരങ്ങേറുക. 2023 നവംബറിൽ ദുബൈ എക്സ്പോ സിറ്റിയിൽ നടക്കുന്ന കോപ് 28-ന് മുന്നോടിയായ ചർച്ചകളും അരങ്ങേറും.
മൂന്ന് വേദികളിലായി 63 സമ്മേളനങ്ങളും നടക്കുന്നുണ്ട്. ഗ്ലോബൽ സ്റ്റേജ്, ട്രാവൽ ടെക് സ്റ്റേജ്, സസ്റ്റൈനബിലിറ്റി ഹബ് എന്നീ പേരുകളിലായാണ് കോൺഫറൻസ് വേദികൾ ഒരുക്കിയിരിക്കുന്നത്. സഞ്ചാര മേഖലയിലെ പുതിയ ആശയങ്ങളും ട്രെൻഡുകളും പരിചയപ്പെടുത്തുന്ന മേളയാണിത്. ടൂറിസം രംഗത്തെ സാധ്യതകൾ പ്രദർശിപ്പിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളുടെ പവിലിയനുകളുണ്ടാകും. പുതിയ ബിസിനസ് മേഖല തുറക്കുന്ന എ.ടി.എമ്മിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളും പുതിയ കരാർ ഒപ്പുവെക്കലും നടക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തി ഇവിടെയെത്തും. ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികളെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കും. https://www.wtm.com/atm/en-gb.html എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.