ദുബൈ: തിങ്കളാഴ്ച ആരംഭിച്ച പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശനമായ അറേബ്യൻ ട്രാവൽ മാർക്കറ്റിന്‍റെ രണ്ടാംദിനവും സന്ദർശകരുടെ ഒഴുക്ക്. ടൂറിസം രംഗത്തെ സാധ്യതകൾ പ്രദർശിപ്പിക്കുന്ന 112 രാജ്യങ്ങളുടെ പവിലിയനുകൾ കാണാനായി യാത്രാമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ എത്തിച്ചേർന്നു. ചൊവ്വാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പ്രദർശനം കാണാനെത്തി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ പ്രത്യേകം പ്രത്യേകമായുള്ള പ്രദർശനങ്ങളും സൗദി, ഖത്തർ, മാലദ്വീപ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പവിലിയനുകളും ശ്രദ്ധിക്കപ്പെട്ടു.
സൗദി പവിലിയനിൽ രാജ്യത്തെ വിവിധങ്ങളായ വിനോദസഞ്ചാര മേഖലകളെ വിപുലമായ രീതിയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഖത്തർ പവിലിയൻ ഫുട്ബാൾ ലോകകപ്പുമായി ബന്ധപ്പെട്ട സാധ്യതകൾ ആഗോള സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കാനാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്. ഇന്ത്യൻ പവിലിയനിൽ വ്യത്യസ്ത സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുടെയും ട്രാവൽ രംഗത്തെ കമ്പനികളുടെയും സ്റ്റാളുകളുണ്ട്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ സ്വന്തമായ പവിലിയനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
അരുണാചൽപ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ എട്ടു സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലക്ക് ഇന്ത്യൻ പവിലിയൻ ഊന്നൽ നൽകുന്നുണ്ട്. ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ/റിസോർട്ട് ഉടമകൾ എന്നിവയെ പ്രതിനിധാനംചെയ്ത് ഇന്ത്യയിൽനിന്ന് 18 സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ബയർ ഫോറങ്ങളും വ്യോമയാന, ഹോസ്പിറ്റാലിറ്റി വിദഗ്ധരുമായി തത്സമയ അഭിമുഖങ്ങളും ഇത്തവണ എ.ടി.എമ്മിൽ നടക്കുന്നുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന പ്രദർശനം വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.