സമുദ്രങ്ങൾ ഭൂമിയിൽ മാത്രമോ?

ഇല്യാസ്​ പെരിമ്പലം

ജലം ജീവ​െൻറ അമൃതാണ്. അതുകൊണ്ടുതന്നെ ഭൂമിക്ക് പുറത്തുള്ള ജലസാന്നിധ്യത്തി​െൻറ അന്വേഷണം ഭൗമേതരജീവികളുടെ നിലനിൽപ്പിനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ്.

ഇതുവരെയായി ജീവസാന്നിധ്യം തിരിച്ചറിഞ്ഞത് ഭൂമിയിൽ മാത്രമാണെങ്കിലും സൗരയൂഥത്തിലെ മറ്റു ചില ഗ്രഹങ്ങളിലും ചന്ദ്രനടക്കമുള്ള ഉപഗ്രഹങ്ങളിലും ചില ഛിന്നഗ്രഹങ്ങളിലും വാൽനക്ഷത്രങ്ങളിലും കുള്ളൻ ഗ്രഹങ്ങളിലും സൗരയൂഥത്തിന് പുറത്ത് ചില നെബുലകളിൽ പോലും ജലസാന്നിധ്യം തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇവയിൽ ഭൂമിയിലെ മൊത്തം സമുദ്രവ്യാപ്തിയെക്കാൾ വിശാലമായ സമുദ്രങ്ങളുള്ള ഗോളങ്ങൾ പോലുമുണ്ട്!

ഭൂമിക്ക് പുറത്തെ ചില സമുദ്രങ്ങൾ

വ്യാഴത്തി​െൻറ ഉപഗ്രഹമായ യൂറോപ്പയുടെ ഉപരിതലത്തിലെ ഐസ് പാളിക്കടിയിൽ ഉപ്പുജലസമ്പന്നമായ സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. 2014 ലും 2016 ലും ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ് യൂറോപ്പയുടെ ഉപരിതലത്തിനടിയിൽ നിന്നും ഉയർന്ന് പൊങ്ങുന്ന ജലപ്രവാഹങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്പയുടെ ഉപരിതലത്തിൽ ഐസുരുകിയുണ്ടായ തടാകങ്ങളുമുണ്ട്.

വ്യാഴത്തി​െൻറ തന്നെ മറ്റൊരു ഉപഗ്രഹമായ ഗാനിമേഡിൽ ഒരു സാൻറ്​വിച്ച് പോലെ ഐസ് പാളികളും ജലവും പല അടുക്കുകളായി കിടക്കുന്നു. ഗാനിമേഡി​െൻറ അന്തരീക്ഷത്തിൽ നീരാവി രൂപത്തിലും ജലമുണ്ട്. വ്യാഴത്തി​െൻറ തന്നെ മറ്റോരു ഉപഗ്രഹമായ കലിസ്​റ്റോയിൽ 200 കിലോമീറ്റർ കനമുള്ള ഐസ്പാളിയുണ്ട്. ഈ ഐസ് പാളിക്ക് താഴെ 10 കിലോമീറ്റർ ആഴമുള്ള സമുദ്രവുമുണ്ട്.

ടൈറ്റാനിൽ ചാവുകടലിനെ വെല്ലുന്ന കടൽ:

ശനിയുടെ ഉപഗ്രഹമായ ടൈറ്റാനി​െൻറ ഉപരിതലത്തിലുള്ള 50 കിലോമീറ്ററോളം വരുന്ന ഐസ് പാളിക്കടിയിൽ ഉപ്പുജലസമുദ്രമുണ്ട്. ഇതി​െൻറ ലവണത്വം ചാവുകടലിനോളം വരും. ശനിയുടെ തന്നെ ഉപഗ്രഹങ്ങളായ എൻസിലാഡസ്, മിമാസ് എന്നിവയിലും നെപ്ട്യൂണി​െൻറ ഉപഗ്രഹമായ ട്രിറ്റോണിലും ഇത്തരത്തിൽ ഐസുപാളിക്കടിയിൽ സമുദ്രമുണ്ട്.

ചോർന്നുപോയ ശുക്രനിലെ സമുദ്രം:

ശുക്രനിൽ പണ്ട് ജലസമൃദ്ധമായ സമുദ്രം ഉണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. സൗരയൂഥത്തിലെ ആദ്യത്തെ സമുദ്രം ഉണ്ടായിരുന്നത് ശുക്രനിലായിരുന്നു. അന്തരീക്ഷത്തിലെ 96 ശതമാനം വരുന്ന കാർബൺ ഡൈഓക്സൈഡ് സൃഷ്​ടിക്കുന്ന ഹരിതഗൃഹപ്രഭാവം മൂലമുള്ള അത്യധികമായ താപനില ജലം മുഴുവൻ നീരാവിയായി അന്തരീക്ഷത്തിലേക്ക് നഷ്​ടപ്പെടാൻ ഇടയാക്കി.

ഭൂമിയെപ്പോലുള്ള ശക്തമായ കാന്തിക ക്ഷേത്രത്തി​െൻറ അഭാവം, സൂര്യനോട് താരതമ്യേന അടുത്തായതിനാൽ അനുഭവപ്പെടുന്ന സൗരവാതങ്ങളുടെ ശക്തമായ തള്ളൽ എന്നിവ കാരണം ഈ നീരാവിയും കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് ബഹിരാകാശത്തേക്ക് നഷ്​ടപ്പെട്ടു.

ചൊവ്വക്കും പറയാനുണ്ട് നഷ്​ടപ്രതാപം:

ഒരു കാലത്ത് ചൊവ്വയുടെ ഉപരിതലത്തിലും കടലുകളും അന്തരീക്ഷത്തിൽ യഥേഷ്​ടം നീരാവിയുമുണ്ടായിരുന്നു എന്ന് ശാസ്ത്രലോകം വിവിധ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കുന്നു. ബില്യൻ കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വക്ക് അതിനു ചുറ്റുമുള്ള കാന്തികക്ഷേത്രം നഷ്​ടപ്പെട്ടു. തത്ഫലമായി സൗരവാതങ്ങൾ ചൊവ്വയിലെ ജലത്തെയും കൊണ്ടുപോയിക്കളഞ്ഞു.

2013ൽ വിക്ഷേപിക്കപ്പെട്ട നാസയുടെ മാവെൻ (MAVEN-The Mars Atmosphere and Volatile EvolutioN) എന്ന പര്യവേക്ഷണ പേടകം ചൊവ്വയുടെ അന്തരീക്ഷം ഇപ്പോഴും ഒരു മണിക്കൂറിൽ 400 കിലോഗ്രാം എന്ന തോതിൽ നഷ്​ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൊവ്വയുടെ ധ്രുവങ്ങളിൽ ഇപ്പോഴും ഐസ് രൂപത്തിൽ ജലമുണ്ട്. ഇത് പോളാർ ഐസ് ക്യാപ്സ് എന്നറിയപ്പടുന്നു.

വെള്ളം ഭൂമിയിലെത്തിച്ചവർ:

ഐസ് രൂപത്തിലുള്ള ജലത്താൽ സമൃദ്ധമാണ് വാൽ നക്ഷത്രങ്ങൾ. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലൂടെ സൂര്യനെ ചുറ്റുന്ന പല ഛിന്നഗ്രഹങ്ങളിലും ഐസ് രൂപത്തിൽ ജലമുണ്ട്. ബില്യൻ കണക്കിന് വർഷങ്ങൾക്കിടയിൽ ഭൂമിയുമായി കൂട്ടിയിടിക്കാനിടയായ നിരവധിയായ വാൽനക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഭൂമിയിൽ വൻതോതിൽ ജലം എത്തിച്ചു എന്നാണ് അനുമാനം.

നമ്മുടെ സമുദ്രങ്ങളിലെ ജലത്തി​െൻറ രാസഘടന പരിശോധിക്കുമ്പോൾ എത്തുന്ന നിഗമനം സമുദ്രജലത്തി​െൻറ വലിയ പങ്കും വന്നിട്ടുള്ളത് ഛിന്നഗ്രഹങ്ങളിൽ നിന്നാണ് എന്നാണ്.

നക്ഷത്രങ്ങളിലും വെള്ളം:

ഹബ്ബിൾ സ്പേയ്സ് ടെലിസ്കോപ്പ്, നക്ഷത്രങ്ങളുടെ ഈറ്റില്ലമായ ചില നെബുലകളിൽ വൻ തോതിൽ ജലം കണ്ടെത്തിയിട്ടുണ്ട്. പ്രസിദ്ധമായ ഓറിയോൺ നെബുലയിൽ, ഭൂമിയിലെ സമുദ്രങ്ങളിൽ മൊത്തമുള്ള ജലത്തി​െൻറ 60 ഇരട്ടി ജലമുണ്ട്. ഇത് അളവു കൊണ്ട് വലുതാണെങ്കിലും നെബുലയുടെ വലുപ്പം വെച്ചു നോക്കുമ്പോൾ നിസാരമാണ്.

നെബുലയുടെ സിംഹഭാഗവും ഹൈഡ്രജനാണ്. ഹബ്ബിൾ ടെലിസ്കോപ്പ് ഹെലിക്സ് നെബുലയിലും ജലം കണ്ടെത്തിയിട്ടുണ്ട്. മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ചില ഗ്രഹങ്ങളിലും ശാസ്ത്രലോകം ഇതിനകം ജലസാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Are the oceans only on earth?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.