ദുബൈ: ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന യു.എ.ഇ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ വിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഒഫ് റെഡിസൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കാര്യാലയത്തിെൻറ നേതൃത്വത്തിൽ അൽ അവീറിൽ കേന്ദ്രം സജ്ജമായി. മൂവായിരം പേരെ ഒരേ സമയം ഉൾക്കൊള്ളാൻ കഴിയുന്ന ടെൻറുകളാണ് ഒന്നാം തീയതി മുതൽ പ്രവർത്തനമാരംഭിക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടെൻറുകളുണ്ടാവും. ദുബൈ പൊലീസ്, ഇമിഗ്രേഷൻ, മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം എന്നിവയുടെ ഉദ്യോഗസ്ഥരും വിവിധ എംബസികളുടെയും കോൺസുലേറ്റുകളുടെയും പ്രതിനിധികളും പൊതുമാപ്പ് കേന്ദ്രങ്ങളിലുണ്ടാവുമെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകീട്ട് എട്ടുവരെ കേന്ദ്രം പ്രവർത്തിക്കും. 40 കൗണ്ടറുകളുണ്ടാവും. വിവിധ ഭാഷകളിൽ പ്രാവിണ്യമുള്ള നിരവധി ഉദ്യോഗസ്ഥരും.
വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തുടരുന്നവർക്ക് പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങാൻ ഇവിടെ സൗകര്യമൊരുക്കും. പാസ്പോർട്ടു മാത്രമാണ് ഒാരോ അപേക്ഷകനും നിർബന്ധമായി ഉണ്ടായിരിക്കേണ്ടത്. പാസ്പോർട്ട് ഇല്ലാത്തവർ അത് എങ്ങിനെ സംഭവിച്ചുവെന്ന് വെളിപ്പെടുത്തണം. അവർക്ക് അതാതു രാജ്യത്തിെൻറ എംബസി^കോൺസുലേറ്റ് പ്രതിനിധികളുടെ സഹായത്തോടെ രേഖകളും താൽകാലിക പാസ്പോർട്ടും സംഘടിപ്പിക്കാനാവും. ഒൗട്ട് പാസ് ലഭിച്ചു കഴിഞ്ഞാൽ 21 ദിവസത്തിനകം രാജ്യം വിടണം. ഇല്ലാത്ത പക്ഷം മാപ്പ് അസാധുവാകും. പിഴകളും ബാധ്യതകളുമെല്ലാം അടക്കേണ്ടിയും വരും. പൊതുമാപ്പ് കാലയളവ് പ്രയോജനപ്പെടുത്തി സാധുവായ വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ദുബൈയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 43 ആമിർ സെൻററുകളിൽ സേവനം തേടാം. പിഴകൾ റദ്ദാക്കൽ, എമിറേറ്റ് െഎ.ഡി, തൊഴിൽ പെർമിറ്റ് തുടങ്ങിയ രേഖകളെല്ലാം അവിടെ നിന്ന് ലഭിക്കും. ഒാടിപ്പോയതായി കേസുകളുള്ളവർക്ക് അവ പരിഹരിക്കാനും ഇവിടെ സൗകര്യമുണ്ട്. എന്നാൽ മറ്റ് സിവിൽ,ക്രിമിനൽ കേസുകൾ ഉളളവർക്ക് അവയിൽ നിന്ന് വിടുതൽ നേടി മാത്രമേ പൊതുമാപ്പിെൻറ പ്രയോജനം തേടാൻ കഴിയുകയുള്ളൂ
ദുബൈയിൽ നിന്നുള്ള അപേക്ഷകരെ ഉദ്ദേശിച്ചാണ് അവീറിലെ കേന്ദ്രം സജ്ജമാക്കുന്നതെങ്കിലും ഏത് എമിറേറ്റിൽ നിന്നുള്ളവർക്കും ഇവിടെ സേവനം ലഭ്യമാവും. റോഡ് ഗതാഗത അതോറിറ്റി പ്രത്യേക ബസ് സർവീസ് നടത്തും. ആരോഗ്യ കേന്ദ്രവും ഇവിടെ തുറക്കും.
രേഖകളില്ലാത്ത സ്ത്രീകളുടെയും കുട്ടികളുടെയും വിഷയം പരിശോധിക്കുന്നതിനും പരിഹാരം കാണുന്നതിനും ഹ്യൂമാനിറ്റേറിയൻ വിഭാഗം ശ്രദ്ധിക്കുമെന്ന് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖലാഫ് അഹ്മദ് അൽ ഗൈത് വ്യക്തമാക്കി. ഒളിച്ചോടിപ്പോയെന്ന കേസ് തീർക്കാൻ 121 ദിർഹമാണ് വ്യക്തികൾ അടക്കേണ്ടത്. സ്വകാര്യ കമ്പനികൾക്ക് ഇത് 521 ദിർഹവും സർക്കാർ മേഖലയിൽ 71ദിർഹവുമാണ്. എക്സിറ്റ് പെർമിറ്റിന് 221 ദിർഹമാണ് നിരക്ക്.
രേഖകൾ കൃത്യമാക്കി യു.എ.ഇയിൽ തുടരാനും ജോലിയിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നവർക്ക് www.moher.gov.ae എന്ന വെബ്സൈറ്റിൽ തൊഴിൽ തേടി രജിസ്റ്റർ ചെയ്യാം. അവർക്ക് ജോലി ലഭിക്കുമെന്ന് ഉറപ്പില്ല. എന്നാൽ യോജിച്ച തൊഴിലവസരം വന്നാൽ പരിഗണന ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.