അബൂദബി: വ്യാജ സ്വദേശിവത്കരണം നടത്തിയ 1370 സ്വകാര്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി മാനവ വിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയം. 2022ന്റെ ആദ്യ പകുതി മുതൽ 2024 മേയ് 16 വരെ നടത്തിയ പരിശോധനയിൽ സ്വകാര്യ കമ്പനികൾ 2,170 പൗരൻമാരെ വ്യാജമായി നിയമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
എമിറടൈസേഷൻ ടാർഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങൾ വ്യാജ സ്വദേശി നിയമങ്ങൾ നടത്തുന്നത്. നിയമലംഘനം കണ്ടെത്തിയ കമ്പനികളിൽനിന്ന് 20,000 മുതൽ ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തിയത്. ഇമാറാത്തികളുടെ സഹകരണത്തോടെ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.
അതേസമയം, നിയമം നടപ്പിൽ വന്ന ശേഷം ഇതുവരെ 20,000 സ്വകാര്യ കമ്പനികൾ നിയമപ്രകാരം സ്വദേശി നിയമനം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണം. സ്വദേശിവത്കരണ നയങ്ങളുമായി ബന്ധപ്പെട്ട് ഏത് രീതിയിലുള്ള തർക്കങ്ങളും റിപ്പോർട്ട് ചെയ്യാം. മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ചും വെബ്സൈറ്റിലൂടെയും പരാതി സമർപ്പിക്കാം. 50ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2024 ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിയമം. നാഫിസ് പദ്ധതി നടപ്പിലാക്കിയ ശേഷം 2021 മുതൽ ഇതുവരെ സ്വദേശിവത്കരണത്തിൽ 170 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.