പഠന മികവിൽ ജനിതകരോഗത്തെ പിന്നിലാക്കി അഷ്ഫിൻ

അജ്മാന്‍: ജനിതക വൈകല്യം നേരിടുമ്പോഴും ജീവിതത്തില്‍ വിജയത്തി​​​െൻറ പടവുകള്‍ കയറി മുന്നേറുകയാണ് അഷ്ഫിനെന്ന ഒന്‍പതു വയസുകാരന്‍. അജ്മാന്‍ റമദയിലെ ഐ.ടി മാനേജറായ കോട്ടക്കല്‍ സ്വദേശി ഫൈസൽ^ ജസീന ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് അഷ്ഫിന്‍. പഠനത്തില്‍ മികവ് പുലര്‍ത്താന്‍  അഷ്ഫിനു ശാരീരിക അവശത പ്രതിബന്ധമാകുന്നില്ല. സ്കൂള്‍ പാഠങ്ങള്‍ ക്ലാസില്‍ പഠിപ്പിക്കുന്നതിന് മു​േമ്പ അഷ്ഫിന്‍ വീട്ടിലിരുന്നു പഠിച്ചെടുക്കും. 
ജനിച്ച്​ ആറു മാസം പിന്നിടുമ്പോഴാണ് ചില വൈകല്യങ്ങള്‍ കുട്ടിയിൽ കണ്ടു തുടങ്ങുന്നത്. മാംസപേശികള്‍ ദുര്‍ബലപ്പെട്ടുപോകുന്ന  സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗമാണെന്ന്​ ഡോക്​ടർമാർ വിധിയെഴുതി. ഫൈസല്‍  ചികിത്സകള്‍ തേടിയലഞ്ഞു. 
അലോപോതിയില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ വന്നപ്പോഴാണ് അക്യുപങ്ചര്‍ ചികിത്സ തേടിപ്പോയത്. ആ ചികിത്സയില്‍  പലപ്പോഴും വ്യക്തമായ മാറ്റം കണ്ടു വരുമ്പോഴേക്കും മറ്റെന്തെങ്കിലും അസുഖം അഷ്ഫിനെ വീണ്ടും പഴയ രീതിയിലേക്ക് തിരികെ കൊണ്ടെത്തിക്കും. നാട്ടിലെ സാഹചര്യങ്ങൾ അഷ്​ഫിനു ചേരുന്നില്ലെന്ന തിരിച്ചറിവില്‍ കുടുംബത്തെ പ്രവാസ ലോകത്തേക്ക് കൂട്ടി ഫൈസല്‍. അജ്മാനിലെ സ്കൂളില്‍ ചേര്‍ത്തു. ക്ലാസിലെ കൂട്ടുകാര്‍ വീൽചെയറിലെത്തുന്ന അഷ്ഫിനെ സഹായിക്കും. ഭക്ഷണപാത്രം പോലും അവര്‍ തുറന്ന് കൊടുക്കണം. ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന  സഹോദരന്‍ ഇടയ്ക്കിടെ വന്ന് നോക്കും. ജോലി സ്ഥലത്ത് നിന്ന് പ്രത്യേക അനുവാദത്തോടെ വന്ന് ഫൈസല്‍ മകനെ കൂട്ടും. 

ഇതിനിടയിലാണ്​ മറ്റൊരു പ്രതിസന്ധി വിലങ്ങുതടിയായി മുന്നില്‍ വന്ന് നിന്നത്. അഷ്ഫിന്‍ മൂന്നാം തരത്തിലേക്ക് ആയപ്പോഴായിരുന്നു അത്. സ്കൂളില്‍ മൂന്നാം തരം മുതല്‍ ക്ലാസുകള്‍ മുകളിലത്തെ നിലയിലാണ്. അവിടെയെത്താൻ പടികള്‍ കയറണം. ഫൈസല്‍ അജ്മാനിലെ  മറ്റു സ്കൂളുകള്‍ തേടി പോയി. ഫലം നിരാശയായിരുന്നു. വീട്ടിലിരുത്തി പഠിപ്പിക്കേണ്ടി വരുമെന്ന അവസ്ഥ സംജാതമായപ്പോഴാണ് പഴയ സുഹൃത്ത് ഗഫൂര്‍ സാറിനെ ഫൈസല്‍ കാണുന്നത്​. 
അദ്ദേഹം ജോലി ചെയ്യുന്ന പുതുതായി ആരംഭിച്ച വുഡ്​ലം പാര്‍ക്ക്  സ്കൂളില്‍ അഷ്ഫിനു  ലിഫ്റ്റ്‌ സൗകര്യം ഒരുക്കാം എന്ന് അദേഹം അറിയിച്ചതോടെയാണ് ഫൈസലിനു ശ്വാസം നേരേ വീണത്. പ്രിന്‍സിപ്പല്‍ ജിഷ ജയനും അധ്യാപകരും അഷ്ഫിനു പ്രത്യേക പരിഗണന നല്‍കി. സഹപാഠികള്‍ പ്രത്യേക ശ്രദ്ധ അഷ്ഫിനു നല്‍കുന്നതിനാല്‍ ആ ക്ലാസിനു സ്കൂള്‍ ഗ്രീന്‍ ക്ലാസ് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.

അഷിഫിനു സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ആണെന്ന് അറിഞ്ഞതോടെ ഇനി മക്കള്‍ വേണ്ടെന്ന്‍ ദമ്പതികളെ  പലരും നിര്‍ദേശിച്ചു. ഇനി ജനിക്കുന്ന കുട്ടികള്‍ക്ക്  75 ശതമാനം അസുഖ സാധ്യത ഡോക്ടര്‍മാരും വിധിച്ചു. വിധിയില്‍ വിശ്വസിച്ച ഫൈസലിനു പിന്നീട് രണ്ടു പെണ്മക്കള്‍ പിറന്നു. ആരും കൊതിച്ചു പോകുന്ന രണ്ടു സുന്ദരി കുട്ടികള്‍^ മൂന്നു വയസുകാരി അഷ്ബയും ഒരു വയസുകാരി അഷലും. സ്കൂളിലും വീട്ടിലും ജ്യേഷ്​ഠൻ അഷ്മലാണ്  അഷ്ഫി​​​െൻറ മുഖ്യ സഹായി. വായനാപ്രിയനായ അഷ്​ഫിന്​ നല്ല പാട്ടുകാരൻ കൂടിയാണ്​.ഡോക്​ടറാകണമെന്നാണ്​ മോഹം.

ഈ  അപൂർവ ജനിതക രോഗത്തിന് മരുന്ന് കണ്ടുപിടിച്ച വാര്‍ത്ത ഈയിടെ വന്നിരുന്നു. കഴിഞ്ഞ മാസം അമേരിക്കന്‍ ഭക്ഷ്യമരുന്ന് അഥോറിറ്റി അംഗീകാരം നല്‍കിയ സ്പിന്റാസ എന്ന ഈ മരുന്നി​​​െൻറ ഒരു വര്‍ഷത്തേക്കുള്ള വില ഏതാണ്ട് ആറര കോടി രൂപ വരും. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ എത്തണമെങ്കില്‍ ഏതാണ്ട് ഒരു ദശകമെങ്കിലും എടുക്കുമെന്നാണ് പറയുന്നത്​.


 

Tags:    
News Summary - ashfin uae pravasi, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.