ദുബൈ: ഒമാനിലെ സലാലയിൽ റോഡപകടത്തിൽ പരിക്കേറ്റ ഇമാറാത്തി സ്ത്രീയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയതായി നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെൻറർ ഞായറാഴ്ച അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെയും കുടുംബത്തെയും ഹെലികോപ്ടർ മാർഗമാണ് യു.എ.ഇയിൽ എത്തിച്ചത്. യു.എ.ഇയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് അതിവേഗ നടപടി അധികൃതർ സ്വീകരിച്ചത്.
യു.എ.ഇ വിദേശകാര്യ മന്ത്രാലയമായി സഹകരിച്ചാണ് നാഷനൽ ഗാർഡിന്റെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെൻറർ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഒമാനിൽ നിന്ന് സമീപ കാലത്ത് നടത്തുന്ന മൂന്നാമത്തെ വിജയകരമായ രക്ഷ പ്രവർത്തനമാണിത്.രക്ഷാദൗത്യത്തിന് മസ്കത്തിലെ യു.എ.ഇ എംബസിയെ സഹായിച്ച ഒമാൻ അധികൃതരുടെ ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു.
കരമാർഗം യാത്ര ചെയ്യുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും സംവിധാനങ്ങളും അനുസരിക്കണമെന്നും തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിശ്ചിത വേഗത പരിധി പാലിക്കണമെന്നും അതോറിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നേരത്തെ ഇബ്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇമാറാത്തി സ്ത്രീയെ സമാനമായ രീതിയിൽ രക്ഷപ്പെടുത്തിയിരുന്നു. എയർ ലിഫ്റ്റ് നടത്തി കൂടുതൽ വൈദ്യസഹായത്തിനായി യു.എ.ഇയിൽ സുരക്ഷിതമായി തിരിച്ചെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.