നാട്ടിലേക്ക് അയക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾക്ക് സമീപം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി

‘ഗൾഫിൽ വന്ന ഭാര്യയുടെയും മക്കളുടെയും മുന്നിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു, വല്ലാത്ത സങ്കടകരമായ അവസ്ഥ’

ദുബൈ: കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയതായി പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. മൃതദേഹം വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം സങ്കടപ്പെടുത്തുന്ന കുറിപ്പെഴുതിയത്.

ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ടുവന്ന് ഏതാനും ദിവസങ്ങൾക്കകം അവരുടെ മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു ഈ യുവാവ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങൾ കടന്ന് പോകവേ ദുഖത്തിന്റെ ദിനം വന്നെത്തി.

ഭാര്യയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തി. തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരുന്ന കുടുംബനാഥനെ തേടി മരണത്തിന്റെ മാലാഖയെത്തി. ഭാര്യയുടെയും കുട്ടികളുടേയും മുന്നിൽ അദ്ദേഹം കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആ കുടുംബത്തിൽ സന്തോഷത്തിന്റെ രണ്ടു ദിനങ്ങൾക്കപ്പുറം കാര്യങ്ങൾ മാറി മറഞ്ഞു. വല്ലാത്ത സങ്കടകരമായ അവസ്ഥ. അലംഘനീയമായ വിധി വന്നെത്തിയാൽ പോവുകയല്ലാതെ എന്ത് ചെയ്യും..... മരണത്തിന്റെ മാലാഖ വന്നെത്തിയാൽ കുടുംബത്തിന്റെ ഗതി തന്നെ മാറിപ്പോവുകയാണ്.

നമ്മിൽ നിന്നും വിട പറഞ്ഞു പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ.... അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ......

Ashraf Thamarasery

Tags:    
News Summary - Ashraf thamarassery remembering young man who died in front of family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.