ആദ്യമായി ഏഷ്യൻ മിക്സഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് അരങ്ങൊരുക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ. ലോക ബാഡ്മിന്റണിലെ മുൻനിര താരങ്ങളുടെ ഏറ്റുമുട്ടലായിരിക്കും ഈ ടൂർണമെന്റിൽ അരങ്ങേറുക. എക്സ്പോ സിറ്റിയിൽ ഫെബ്രുവരി 14 മുതൽ 19 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 17 ടീമുകൾ കൊമ്പുകോർക്കും. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യയുടെ മത്സരം കാണാൻ എക്സപോ സിറ്റിയിലേക്ക് കാണികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ദുബൈ സ്പോർട്സ് കൗൺസിലും എമിറേറ്റ്സ് ബാഡ്മിന്റൺ ഫെഡറേഷനും സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഇന്ത്യ, യു.എ.ഇ, മലേഷ്യ, കസാഖിസ്താൻ ടീമുകൾ. ഗ്രൂപ്പ് ബിയിലാണ്. ഗ്രൂപ്പ് എയിൽ ചൈന, കൊറിയ, സിംഗപ്പൂർ, ഉസ്ബെക്കിസ്താൻ ടീമുകൾ ഏറ്റുമുട്ടും. ഇന്തോനേഷ്യ, തായ്ലാൻഡ്, ബഹ്റൈൻ, സിറിയ, ലബനാൻ ടീമുകൾ ഗ്രൂപ്പ് സിയിലും ജപ്പാൻ, ചൈനീസ് തായ്പേയ്, ഹോങ്കോങ്, പാകിസ്താൻ ടീമുകൾ ഗ്രൂപ്പ് ഡിയിലും മത്സരിക്കുന്നു.
ദുബൈയിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്. പുരുഷ, വനിത വിഭാഗങ്ങളിലായി സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം നോക്കൗട്ട് മത്സരം നടക്കും. വിജയികൾക്ക് വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടാം. കസാക്കിസ്താനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ പ്രയാണം തുടങ്ങുന്നത്. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് യോഗ്യത നേടും. നറുക്കെടുപ്പിലൂടെയായിരിക്കും നോക്കൗട്ട് എതിരാളികളെ തീരുമാനിക്കുക. സെമിഫൈനൽ മത്സരങ്ങൾ ശനിയാഴ്ച നടക്കും. ഫെബ്രുവരി 19നാണ് കലാശപ്പോര്. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ മത്സരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.