ദുബൈ: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസലോകം. എന്നാൽ, സാങ്കേതികക്കുരുക്കിൽപെട്ട് കപ്പിനും ചുണ്ടിനുമിടയിൽ പ്രവാസി വോട്ട് എന്ന പ്രയോഗം തന്നെ ഇല്ലാതായിപ്പോയ അവസരത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. എങ്കിലും പിറന്ന നാട് തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്കുയരുമ്പോൾ നിരാശരായി മാറിനിൽക്കാൻ തയാറല്ല പ്രവാസികൾ. വോട്ടില്ലെങ്കിലും വോട്ടിനേക്കാൾ വിലയുള്ള വാക്കുകളുണ്ട്, നാട് സ്വപ്നതുല്യമായ വികസനത്തിലേക്ക് മുന്നേറുന്നതിന് എന്തൊക്കെ വേണമെന്ന കാര്യത്തിൽ ഓരോ പ്രവാസികൾക്കും. കാരണം കടലുകൾക്കിപ്പുറം കഴിയുകയാണെങ്കിലും നാടിെൻറ നനുത്ത ഓർമകളിൽ തന്നെയാണ് പ്രവാസിസമൂഹം ഓരോ നിമിഷവും.
ഇടതുഭരണം തുടരുമെന്നും ഭരണമാറ്റം സാധ്യമാകുമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ നാട്ടിലെന്ന പോലെ പ്രവാസിലോകത്തും മുഴങ്ങിക്കേൾക്കുന്നുണ്ട്. എന്നാൽ, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന കാര്യത്തിൽ ഏകശബ്ദമാണ്. മധുരവാഗ്ദാനങ്ങൾക്ക് പകരം പ്രായോഗികമായ പദ്ധതികളാണ് ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമെന്ന അഭിപ്രായപ്രകടനത്തിലും എല്ലാ പ്രവാസികളും ഒറ്റക്കെട്ടാണ്.
ഗൾഫ് പ്രതിസന്ധിക്ക് പിന്നാലെ കോവിഡ് മഹാമാരി തീർക്കുന്ന പ്രശ്നങ്ങൾ കൂടിയായതോടെ ചെകുത്താനും കടലിനുമിടയിലെന്ന പോലെയാണ് പ്രവാസി ജീവിതം. നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം, കോവിഡ് കാലത്തെ യാത്രാ പ്രതിസന്ധികൾ, കോവിഡ് കാലത്ത് നാട് കാട്ടിയ വിവേചനം, വിമാന ടിക്കറ്റ് നിരക്ക് വർധന, എങ്ങുമെത്താത്ത പ്രവാസി ക്ഷേമപദ്ധതികൾ, രോഗവും മരണങ്ങളും തീർക്കുന്ന അനിശ്ചിതത്വം, നാട്ടിൽ വ്യവസായം തുടങ്ങുന്ന പ്രവാസികൾ നേരിടുന്ന നൂലാമാലകൾ തുടങ്ങി പറഞ്ഞാലൊടുങ്ങാത്ത പ്രശ്നങ്ങളുണ്ട് നിരത്താൻ.
കാലങ്ങളോളം പഴക്കമുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രവാസിജീവിതത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രവാസി മന്ത്രിയുടെ ആവശ്യമുണ്ടെന്ന് കൂടി ചൂണ്ടിക്കാട്ടി ഗൾഫ് രാജ്യങ്ങളിലെ ഏതാനും സംഘടനകൾ.പതിവിന് വ്യത്യസ്തമായി ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസിലോകത്തെ പലരും മത്സരരംഗത്തുണ്ടെന്ന കാര്യം ആശ്വാസം പകരുമ്പോഴും അധികാരത്തിലെത്തിയാൽ എന്തായിരിക്കും അനുഭവമെന്നതിനെ കുറിച്ച് വലിയ ആശങ്കകളുമുണ്ട്.
പിരിവിനും സാമ്പത്തികനേട്ടങ്ങൾക്കുമായി കടൽകടന്നെത്തുന്ന നേതാക്കൾക്ക് വെറും കറവപ്പശുവായി നിന്നുകൊടുക്കാൻ ഇനിയുള്ള കാലം പ്രവാസികളെ പ്രതീക്ഷിക്കേണ്ടെന്ന് തന്നെയാണ് നാടിെൻറ വികസന കാഴ്ചപ്പാടിൽ പ്രത്യേക ശ്രദ്ധ പുലർത്തുമ്പോഴും പ്രവാസികൾക്ക് പറയാനുള്ളത്. കാലങ്ങളായി വാക്കുകളിൽ മാത്രമൊതുങ്ങുന്ന വാഗ്ദാനങ്ങളല്ല, നാടിനെ ഇങ്ങനെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചവർക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും വേണമെന്ന് തന്നെയാണ് പ്രവാസലോകം ഉറക്കെ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, നാടിെൻറ വികസന സ്വപ്നങ്ങളും പങ്കുവെക്കുകയാണ് വിവിധ തുറകളിൽനിന്നുള്ള പ്രവാസി പ്രതിനിധികൾ.
പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. മാത്രമല്ല അതിന് പരിഹാരം കാണാനുള്ള ഇച്ഛാശക്തിയുള്ളവർക്കേ വോട്ട് ചെയ്യാവൂ. പ്രവാസി ക്ഷേമപദ്ധതികൾ ബജറ്റ് പുസ്തകത്താളിൽനിന്ന് പുറത്തുകടക്കേണ്ടതുണ്ട്.
ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവർക്ക് യാഥാർഥ്യബോധത്തോടെയുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കണം. ജില്ല തിരിച്ചുള്ള ഇതിെൻറ കണക്ക് ആദ്യമേ പ്രഖ്യാപിക്കണം. പ്രവാസികൾ ആർജിച്ച ആഗോള തൊഴിൽനൈപുണ്യം കൂടി പുനരധിവാസ പദ്ധതിയിൽ പ്രയോജനപ്പെടുത്തണം. നാടിെൻറ സർവോന്മുഖമായ വികസനത്തിന് ഇത് വഴിയൊരുക്കും.
കേരളം എല്ലാത്തിലും നമ്പർ വൺ ആയതിന് പിന്നിൽ നാം ഏറെ കടപ്പെട്ടിരിക്കുന്നത് പ്രവാസികളോടാണ്. തിരക്കുള്ള തെരഞ്ഞെടുപ്പ് കാലത്ത് പോലും ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുമായി നിരന്തരം സമ്പർക്കത്തിൽ തന്നെയാണ് നമ്മുടെ നേതാക്കൾ. കാരണം അത്രമാത്രം നാട് പ്രവാസികളുമായും പ്രവാസിസമൂഹം നാടുമായും ബന്ധപ്പെട്ടാണ് കഴിയുന്നത്. നിരന്തരം ദുബൈയിലേക്ക് വരുന്നവരാണ് നമ്മുടെ നേതാക്കൾ.
പക്ഷേ, വളരെ കുറച്ച് മാത്രമേ ഔദ്യോഗിക യാത്രകൾ നടത്താറുള്ളൂ. ആഗോളതലത്തിൽ തന്നെ 200ൽപരം രാജ്യങ്ങളിലെ പൗരന്മാർ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ദുബൈ നഗരം വിസ്മയം തീർക്കുന്ന വികസനമാതൃകയാണ് ലോകത്തിന് മുന്നിൽ കാണിക്കുന്നത്. ഇത്തരം മാതൃകകൾ കണ്ടു മനസ്സിലാക്കാനും അവ നമ്മുടെ നാട്ടിലേക്ക് പറിച്ചുനടുന്നതിനും നേതാക്കൾ ശ്രദ്ധ പുലർത്തണം.
ഇതിനുവേണ്ടിയുള്ള കൂടുതൽ ഔദ്യോഗിക യാത്രകളാണ് നേതാക്കൾ നടത്തേണ്ടത്. ആധുനിക സാങ്കേതികവിദ്യയെ ദൈനംദിന ജീവിതവുമായി കൂട്ടിയിണക്കുന്ന ദുബൈയിലെ വികസന മാതൃകകൾ നമ്മുടെ നാടിനും വളരെ അനുയോജ്യമാണ്. എന്നാൽ അതിനായി അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുന്ന തരത്തിൽ നിയമനിർമാണം നടത്തുകയാണ് ആദ്യം വേണ്ടത്.
ലോകം അനുദിനം സാങ്കേതികവിദ്യയിലൂടെ കുതിപ്പുതുടരുമ്പോഴും പഴഞ്ചൻ കാലത്തിലൂടെ തന്നെയാണ് നമ്മുടെ സഞ്ചാരം. ഇതിനുമാറ്റം വരുത്തിയേ തീരൂ. ദുബൈ ഉൾപെടെയുള്ള രാജ്യങ്ങളിലെ എല്ലാ ശാസ്ത്ര-സാങ്കേതിക കുതിപ്പുകൾക്ക് പിന്നിൽ മലയാളികളുടെ ബുദ്ധിയും ഭാവനകളുമാണെന്ന കാര്യം നാം സൗകര്യപൂർവം മറക്കുകയാണ്. അതുകൊണ്ടു തന്നെ ദുബൈ വികസന മോഡൽ നാട്ടിലേക്ക് പ്രായോഗികവത്കരിക്കുമ്പോഴുണ്ടാകുന്ന പോരായ്മകളും പ്രശ്നങ്ങളും പരിഹരിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിൽനൈപുണ്യം കരസ്ഥമാക്കിയ നമ്മുടെ പ്രവാസികളുണ്ട്. നിരവധി രാജ്യക്കാരുമായി ഇടപഴകി അവർ ആർജിച്ച തൊഴിൽപാടവം നാടിനും നാടിെൻറ വികസനത്തിനുമായി മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. പ്രവാസികളെ പണത്തിെൻറ സ്രോതസ്സായി മാത്രം കാണുന്ന പതിവ് രീതിക്ക് മാറ്റം വരുത്തി, അവർ സ്വായത്തമാക്കിയ സാങ്കേതിക വിജ്ഞാനവും പ്രാഗല്ഭ്യവും കൂടി പ്രയോജനപ്പെടുത്താൻ നമ്മുടെ നേതൃത്വങ്ങൾ തയാറാവണം.
അത്തരം കഴിവുകൾ നമ്മുടെ വികസനത്തിന് മുതൽകൂട്ടാവും.അനാവശ്യ ചർച്ചകളാണ് നാട് നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇതൊഴിവാക്കി സാങ്കേതികവിദ്യയും അവ വികസനരംഗത്ത് വരുത്തുന്ന വിപ്ലവങ്ങളുമെല്ലാമാണ് ചർച്ചയാവേണ്ടത്.അത്തരമൊരു അന്തരീക്ഷമൊരുക്കുകയെന്നതായിരിക്കണം മത്സരിക്കുന്നവരും തെരഞ്ഞെടുക്കപ്പെടുന്നവരുമെല്ലാം വളരെ വേഗത്തിൽ തീർത്തും ക്രിയാത്മകമായി നിർവഹിക്കേണ്ട ആദ്യ ചുമതല.
നാട്ടിലുള്ളവരെയെന്നപോലെ പ്രവാസലോകത്തുള്ളവരെയും അഞ്ചുവർഷം ചേർത്തുനിർത്തിയ സർക്കാറാണ് കഴിഞ്ഞുപോകുന്നത്. കോവിഡ് കാലഘട്ടത്തിലും ഏറ്റവും അധികം ക്ഷേമപദ്ധതികൾ പ്രവാസികൾക്കായി നടപ്പിലാക്കാൻ സർക്കാറിന് കഴിഞ്ഞു. 500 രൂപയായിരുന്ന പ്രവാസി പെൻഷൻ 3500 ആക്കി വർധിപ്പിച്ചുവെന്ന് മാത്രമല്ല, പ്രവാസി ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കി. കോവിഡ് കാലത്ത് നാട്ടിൽനിന്ന് അവശ്യ മരുന്നുകൾ പോലും നോർക്ക റൂട്ട്സ് വഴി എത്തിക്കുന്നതിനും സർക്കാർ സഹായമൊരുക്കി. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗജന്യമായി പി.സി.ആർ ടെസ്റ്റ് നടത്താനും സർക്കാർ സൗകര്യമൊരുക്കി. അതുകൊണ്ടുതന്നെ ഇൗ സർക്കാർ തന്നെ നാടിെൻറ നന്മക്കായി തുടരണം. അടുത്ത അഞ്ച് വർഷക്കാലത്ത് ഇതിലും മികച്ച രീതിയിൽ നാടിനും പ്രവാസികൾക്കും ക്ഷേമപദ്ധതികളൊരുക്കാൻ സർക്കാറിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. അതിനുള്ള പ്രവർത്തനം തുടർഭരണത്തിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രത്യാശ.
വാതോരാതെ വാഗ്ദാനങ്ങൾ നൽകിയ സർക്കാർ പ്രത്യക്ഷത്തിൽ പ്രവാസികൾക്ക് ഒന്നും നൽകിയില്ലെന്നതാണ് യാഥാർഥ്യം. ദുബൈയിൽ നടന്ന ലോക കേരളസഭയിൽ മുഖ്യമന്ത്രി വളരെ വലിയ പ്രതീക്ഷകളാണ് നൽകിയത്. ജോബ് പോർട്ടൽ തുടങ്ങുമെന്നും ജോലി നഷ്ടപ്പെട്ടവർക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രവാസികളെ കബളിപ്പിക്കുകയായിരുന്നു. പ്രവാസികൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചത് യു.ഡി.എഫ് ഭരണകാലത്താണ്. കോവിഡ് മഹാമാരിയിൽ പിറന്ന നാട്ടിലേക്ക് ജീവനുംകൊണ്ട് ഭയന്നോടിയ പ്രവാസികളെ വൈറസ് വ്യാപനം നടത്തുന്നവരെന്ന് പറഞ്ഞ് അപമാനിച്ച സർക്കാറാണ് നിലവിൽ കേരളത്തിലുള്ളത്. ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന അഭ്യർഥനയാണ് ഇടതുസർക്കാറിനോട് പ്രവാസികൾക്കുള്ളത്.
പ്രവാസികളുടെ പ്രതീക്ഷയായ എയർ കേരള തുടങ്ങാനുള്ള ചർച്ച നടക്കുന്നതിനിടെയാണ് യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുന്നത്. തുടർന്ന് നടന്ന ചർച്ചയിൽ കേരളത്തിലെ കെ.എസ്.ആർ.ടി.സിയുടെ പ്രശ്നം ആദ്യം പരിഹരിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം. പ്രവാസി വോട്ടിന് തുരങ്കംവെക്കുന്നതിലും ഇടപെട്ട സർക്കാറാണ് ഇടതുപക്ഷത്തിേൻറത്. കേരളത്തിനും പ്രവാസികൾക്കും രക്ഷ വേണമെങ്കിൽ ഭരണം മാറിയേ പറ്റൂ. ജനവിരുദ്ധ സർക്കാറിനെ താഴെ ഇറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് പ്രവാസി സമൂഹം. പ്രതിസന്ധികളെ നേരിട്ട് വിജയം കൈവരിച്ച പ്രവാസികൾക്ക് അതും സാധ്യമാകുമെന്നതിൽ സംശയമില്ല.
ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്ന ഒരു സർക്കാർ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. മഹത്തായ നമ്മുടെ ജനാധിപത്യത്തെ സ്നേഹിക്കുന്നവരും, സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്നതുമായ ഒരു ഭരണസംവിധാനമാണ് കേരളത്തിന് ആവശ്യം. നാടിനെ നവ മാറ്റങ്ങൾക്കൊപ്പം നയിക്കാൻ ഏറ്റവും മികച്ച മാനവവിഭവശേഷി നമുക്കുണ്ട്. അതിനെ എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന ബോധമുള്ള നേതൃത്വമാണ് കേരളത്തെ നയിക്കേണ്ടത്. കേരളീയ ജനത ഉദ്ബുദ്ധരാണ്. വിദ്യാഭ്യാസം നൽകിയ തിരിച്ചറിവുകൾ നെല്ല് ഏതാണ്, പതിര് ഏതാണെന്ന് അവർക്ക് തിരിച്ചറിയാം.
കേരളീയെൻറ പ്രവാസം അരനൂറ്റാണ്ട് പിന്നിടുമ്പോഴും പ്രവാസികൾ ഇന്ന് അങ്ങേയറ്റത്തെ നിരാസത്തിലൂടെയും ആത്മസംഘർഷത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് ഭരണസംവിധാനങ്ങൾ മനസ്സിലാക്കണം. പിറന്ന നാട്ടിൽ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾക്ക് വേണ്ടി അന്യവത്കരിക്കപ്പെട്ടവനെ പോലെ കോടതി കയറി ഇറങ്ങേണ്ട ഗതികേടാണ് പ്രവാസിയുടേത്. മാറിവരുന്ന സർക്കാറുകൾ പ്രവാസികൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകുന്നു. യഥാർഥത്തിൽ അത് നടപ്പാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. കേരളത്തിെൻറ വികസനക്കുതിപ്പിന് പ്രവാസികൾ നൽകിയ സംഭാവനകൾ അമൂല്യമാണ്. എന്നാൽ, പ്രവാസികൾ ഇപ്പോൾ വിഷമസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സ്വദേശിവത്കരണവും കോവിഡ് മഹാമാരിയും പ്രവാസികളെ തളർത്തി. അവരുടെ പ്രശ്നങ്ങളിലേക്ക് കണ്ണ് എത്താൻ പുതിയ സർക്കാറിന് കഴിയണം. നാട്ടിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യം ഒരുങ്ങണം. അതിലൂടെ വരുംതലമുറയുടെ തൊഴിലില്ലായ്മകൾ പരിഹരിക്കപ്പെടണം. നാട്ടിൽ ശാന്തിയും സമാധാനവും പുലരണം.
പൗരത്വനിയമത്തിനെതിരെ ശക്തമായ നിലപാടാണ് നിലവിലെ സർക്കാർ സ്വീകരിച്ചിരുന്നത്. ഫാഷിസം കേരളത്തിൽ വേരുറക്കാതെ പോയതിന് പിന്നിലും ഇടതുകക്ഷികളുടെ ഇടപെടലുകളാണ്. പ്രവാസി പെൻഷൻ ഉൾപെടെ തുടരുന്നതിന് ഇൗ ഭരണം തന്നെ ഇനിയും വരേണ്ടതുണ്ട്. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിലും നാട്ടിലേക്ക് മടങ്ങിയവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും പിണറായി സർക്കാർ സ്വീകരിച്ച നടപടികൾ ശ്രദ്ധേയമാണ്. നമ്മുടെ ആരോഗ്യരംഗത്തെ അന്താരാഷ്ട്രതലത്തിൽ പോലും ചർച്ചയാകുന്ന വിധത്തിൽ ഉയർത്തിക്കൊണ്ടുവരുന്ന തരത്തിലുള്ള ഭരണം ഇതിനു മുമ്പുണ്ടായിട്ടില്ല. നിപ, പ്രളയ കാലങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാർ, കോവിഡ് കാലത്ത് എല്ലാവരുടെയും പട്ടിണി മാറ്റി നാടിനെ ആശങ്കയില്ലാതെ മുന്നോട്ടു നയിച്ചത് നാം കണ്ടതാണ്. ഇത്രയും ജനോപകാരപ്രദമായ ഭരണം കാഴ്ചവെച്ച സർക്കാറിനെ നേട്ടങ്ങൾ വിലയിരുത്തിത്തന്നെ ജയിപ്പിക്കേണ്ടതുണ്ട്. മറ്റു രാഷ്ട്രീയ വിശ്വാസികൾക്ക് പോലും മതിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഭരണമാണ് ഇടത് സർക്കാർ നടത്തിയത്. കോവിഡിൽ നിന്ന് നാം ഇപ്പോഴും മുക്തരല്ല. മറ്റൊരു ഭരണമാണ് വരുന്നതെങ്കിൽ ജനങ്ങളുടെ ജീവനും സാധാരണക്കാരുടെ നിലനിൽപ്പ് പോലും ബുദ്ധിമുട്ടിലാവും. അതുകൊണ്ടു തന്നെ നിലവിലെ ഭരണം തുടരേണ്ടത് അത്യന്താപേക്ഷിതമാണ്.
ലോകം നടുങ്ങിയ കോവിഡ് മഹാമാരിക്കാലത്ത് സ്വന്തം വീടണയാൻ വെമ്പിയ പ്രവാസികളെ രോഗം പരത്തുന്ന വൈറസ് വാഹകരെന്ന് ആക്ഷേപിച്ച സർക്കാർ ഇനിയും എന്തിന് തുടരണം. കേരളത്തിലെ ജനങ്ങളെ, പ്രവാസികളെ പ്രത്യേകിച്ചും ഇത്രയധികം ദ്രോഹിച്ചൊരു സർക്കാർ ഇന്നേവരെ ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം.
കേരളജനത വലിയ പ്രതിസന്ധിയിൽ തന്നെയാണ് ഇപ്പോഴും. ഇതിനൊപ്പം കോവിഡ് കൂടി വന്നതോടെ പ്രയാസങ്ങൾ ഇരട്ടിച്ചു.ഓരോദിവസവും കഴിച്ചുകൂട്ടാൻ പാടുപെടുന്നവരുടെ ദയനീയകഥകളാണ് എങ്ങും കേൾക്കുന്നത്. ഇതിനെല്ലാം പരിഹാരം ജനദ്രോഹ സർക്കാറിനെ പുറത്താക്കുകയെന്നത് മാത്രമാണ്. ഒപ്പം ഐശ്വര്വപൂർണമായൊരു ഭരണത്തിന് യു.ഡി.എഫിനെ അധികാരത്തിലേറ്റണം.
സ്വന്തം നാടിനെ താങ്ങിനിർത്താൻ കടലിനക്കരെ കഠിനാധ്വാനം ചെയ്യുന്നവരെ അവഹേളിക്കുക മാത്രമല്ല, സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണമെന്ന് മനുഷ്യത്വമില്ലാതെ പ്രഖ്യാപിക്കാനും പിണറായി സർക്കാർ മുന്നോട്ടുവന്നുവെന്നത് ഖേദകരമാണ്. പിറന്ന നാട്ടിൽ അന്യരെ പോലെ അവഹേളനം സഹിച്ച് കഴിയേണ്ടവരല്ല പ്രവാസികൾ. ഇൗ നാട് ഇങ്ങനെ രൂപപ്പെട്ടതിന് പിന്നിൽ നാം പ്രവാസികളുടെ അധ്വാനമേറെയാണ്.
പ്രവാസികൾ സമൂഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രോഗവാഹകരല്ലെന്നും വൈറസ് വ്യാപനം നടത്തുന്നവരല്ലെന്നും ഉറക്കെ പറയാനുള്ള സുവർണാവസരമാണിത്. പ്രവാസിദ്രോഹ സർക്കാറിനെ പുറത്തെറിയാൻ പ്രവാസികളും കുടുംബങ്ങളും ജാഗ്രത പുലർത്തേണ്ട നേരമാണിത്.
മധുരം പുരട്ടിയ വാക്കുകളും വാഗ്ദാനങ്ങളുമല്ല, പ്രായോഗികമായ സമീപനമാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നതെന്ന യാഥാർഥ്യം നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. കാരണം മോഹന വാഗ്ദാനങ്ങളിൽ പത്ത് ശതമാനം പോലും ഇന്നേവരെ ഒരു പ്രവാസിക്കും ലഭിച്ചിട്ടില്ലെന്നതാണ് സത്യം. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവാസികളായ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടെന്നത് ആശ്വാസകരമാണ്. അതുകൊണ്ടുതന്നെ പ്രവാസികളുടെ പ്രശ്നങ്ങളെ കുറച്ചുകൂടി അടുത്തറിഞ്ഞ് ശബ്ദിക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. പ്രവാസികാര്യ വകുപ്പുകളുടെ ചുമതല ഇത്തരക്കാർക്ക് നൽകുന്നതിലൂടെ വലിയ ആശ്വാസം തന്നെ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
നാട്ടിലെ പല ആനുകൂല്യങ്ങളും ഇന്നും പ്രവാസികൾക്ക് അന്യമാണ്. ഭവനനിർമാണം ഉൾപെടെയുള്ള പദ്ധതികളിൽനിന്ന് പ്രവാസിയായിപ്പോയി എന്ന കാരണത്താലാണ് വിദേശത്ത് തുച്ഛമായ വരുമാനം ലഭിക്കുന്നവരെ പോലും ഒഴിവാക്കുന്നത്. ഇതു വലിയ വിവേചനം തന്നെയാണ്. മെച്ചപ്പെട്ട ജീവിതവും സൗകര്യങ്ങളുമുള്ളവർ പ്രവാസിലോകത്ത് വെറും പത്തു ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി എല്ലാവരും ദൈനംദിന ജീവിതത്തിന് വേണ്ടി കഠിനാധ്വാനം നടത്തുന്നവരാണ്. ഇത്തരക്കാരെയാണ് ഒരു പരിഗണനയുമില്ലാതെ നാട്ടിലെ പദ്ധതികളിൽനിന്ന് പാടെ മാറ്റിനിർത്തുന്നത്, ഇതിന് മാറ്റം വരണം. ഒപ്പം കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ ഇൗയിടെയായി കടന്നുവന്ന വർഗീയ ധ്രുവീകരണവും വിഭാഗീയതയും പൂർണമായി തുടച്ചുമാറ്റണം. ഭരണത്തിലേറുന്നവർ ആരായാലും സാമുദായികമൈത്രിക്കും മതസാഹോദര്യത്തിനും പ്രാധാന്യം നൽകുന്ന സന്തോഷപ്രദമായ അന്തരീക്ഷം ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.