ദുബൈ: റിപ്പബ്ലിക് ഓഫ് താൻസാനിയയിൽ ദി ബിഗ് ഹാർട്ട് മൊബൈൽ മെഡിക്കൽ സർവിസസും ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പും ചേർന്ന് ആരംഭിച്ച മൊബൈൽ മെഡിക്കൽ സർവിസ് ടി.ബി.എച്ച്.എഫ് ചെയർപേഴ്സണും യു.എൻ.എച്ച്.സി.ആറിന്റെ പ്രമുഖ ഉപദേശകയുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അർധ സ്വയംഭരണ പ്രദേശമായ സാൻസിബാറിലെ ഉംഗുജ ദ്വീപിലാണ് മൊബൈൽ മെഡിക്കൽ സർവിസ് പ്രവർത്തനമാരംഭിച്ചത്.
2019ൽ ടി.ബി.എച്ച്.എഫും ആസ്റ്റർ വളന്റിയർമാരും സഹകരിച്ച് രൂപം നൽകിയ മൊബൈൽ മെഡിക്കൽ സർവിസസ് നിലവിൽ എത്യോപ്യ, സുഡാൻ, സോമാലിയ, ഇറാഖ്, ലബനാൻ, ബംഗ്ലാദേശ് ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ സേവനം നൽകുന്നുണ്ട്. ഇതുവരെ 1937 മെഡിക്കൽ ക്യാമ്പുകളിലായി 178, 740 ഗുണഭോക്താക്കൾക്ക് ഇവരുടെ സേവനം ലഭിച്ചു.
ഈ വർഷമാണ് പദ്ധതി സാൻസിബാർ, താൻസാനിയ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത്. ഓരോ വർഷവും കുറഞ്ഞത് 20,000 ഗുണഭോക്താക്കൾക്ക് ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സാങ്കേതിക മികവോടെയുള്ള മൊബൈൽ ക്ലിനിക് വിദഗ്ധരായ മെഡിക്കൽ പ്രഫഷനലുകളെയാണ് ഉപയോഗിക്കുന്നത്.
ആസ്റ്ററും ടി.ബി.എച്ച്.എഫും ചേർന്ന് പത്ത് വർഷം സാൻസിബാറിൽ ക്ലിനിക് പ്രവർത്തിപ്പിക്കും. ഇതുവഴി സാൻസിബാറിലെ 2.5 ലക്ഷം പേർക്ക് ചികിത്സ ലഭ്യമാകും. ഉദ്ഘാടനച്ചടങ്ങിൽ സാൻസിബാർ ആരോഗ്യ മന്ത്രി നാസർ മസ്റൂയി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്ററിന്റെ സി.എസ്.ആർ വിഭാഗം ജനറൽ മാനേജർ പി.എ. ജലീൽ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.