ദുബൈ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ യു.എ.ഇയില്‍ ഏറ്റവും വലിയ പ്രമേഹപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
യു.എ.ഇ തൊഴില്‍ മന്ത്രാലയം, ദുബൈ പൊലീസ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോർപറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വിസസ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിലെ മുതിര്‍ന്ന മാനേജ്‌മെന്‍റ് പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡി.ഐ.പി ഏരിയയിലെ ലേബര്‍ ക്യാമ്പിൽ 10,000 ത്തിലധികം സൗജന്യ പരിശോധനകൾ ലഭ്യമാക്കി.
കുടുംബത്തില്‍നിന്നകന്ന് ദൈനംദിന ജോലികള്‍ ചെയ്യുന്നതിനിടെ സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധചെലുത്താന്‍ സാധിക്കാതെ വരുന്ന യു.എ.ഇയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. ഡയബറ്റിസ് മെലിറ്റസിനെ നിശ്ശബ്ദ കൊലയാളി എന്നു വിളിക്കുന്നത് ശരിയാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ഈ ജീവിതശൈലീരോഗം നിശ്ശബ്ദമായി നമ്മെ പിടികൂടുകയും വൈകുംവരെ നമ്മളറിയാതെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. ഹൃദയം, വൃക്ക, റെറ്റിന എന്നിവ തകരാറിലാവുന്നതോടെയുള്ള മരണത്തിനും രോഗാവസ്ഥക്കും ഇതാണ് പ്രധാന കാരണം. ഈ നിശ്ശബ്ദ കൊലയാളിയെ നേരത്തേ കണ്ടെത്തുന്നതില്‍ ആസ്റ്റര്‍ മുന്‍പന്തിയിലായിരിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
മെഡിക്കൽ ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ ഹെൽത്ത്കെയർ ഇൻഡിപെൻഡന്‍റ് ഡയറക്ടർ ജെയിംസ് മാത്യു, ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് ഗ്രൂപ് സി.ഇ.ഒ ഡോ. ഷർബാസ് ബി ച്ചു, മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍റർ ഗ്രൂപ് സി.ഇ.ഒ ഡോ. ഷനില ലൈജു തുടങ്ങിയവർ പങ്കെടുത്തു.
മെഡിക്കല്‍ ക്യാമ്പിന്‍റെ ഭാഗമായി പ്രമേഹപരിശോധന നടത്തിയതിനൊപ്പം പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും കൃത്യസമയത്ത് പരിശോധന നടത്തുന്നതിനും ആളുകളെ ബോധവത്കരിക്കുകയും ചെയ്തു. രോഗം കണ്ടെത്തിയവര്‍ക്ക് മെഡിക്കല്‍ പരിചരണത്തിന്‍റെ അടുത്ത ഘട്ടങ്ങളെക്കുറിച്ചും പ്രമേഹം എങ്ങനെ കൈകാര്യംചെയ്യാമെന്നും എങ്ങനെ അതിജീവിക്കാമെന്നും മാര്‍ഗനിര്‍ദേശം നല്‍കി. ഒരു ദിവസം നീണ്ട ക്യാമ്പില്‍, പ്രമേഹപരിശോധനയോടൊപ്പം, ആളുകള്‍ക്ക് വിനോദപരിപാടികളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.