ബംഗ്ലാദേശില്‍ 25 ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ ആസ്റ്റര്‍ ഫാര്‍മസി

ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്‍റെ ആസ്റ്റര്‍ ഫാര്‍മസി ഡിവിഷന്‍ ബംഗ്ലാദേശ് വിപണിയിലേക്ക്. ബംഗ്ലാദേശിലെ ജി.ഡി അസിസ്റ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആസ്റ്റര്‍ ഫാര്‍മസിയുടെ ഔട്ട്‌ലറ്റുകൾ ആരംഭിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ വിതരണത്തിനൊപ്പം പോഷകാഹാരം, ശിശുസംരക്ഷണം, ചര്‍മ സംരക്ഷണം, ഹോം ഹെല്‍ത്ത് കെയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉല്‍പന്നങ്ങളും ലഭ്യമാക്കാനാണ് ലക്ഷ്യം.ഇന്ത്യയിലെ 201 ഫാര്‍മസികള്‍ ഉള്‍പ്പെടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് 446 ഫാര്‍മസികളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80 ലക്ഷം പേരാണ് ആസ്റ്റര്‍ ഫാര്‍മസികള്‍ സന്ദര്‍ശിച്ചത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശിലെ ഹൈ സ്ട്രീറ്റുകളിലും കമ്യൂണിറ്റികളിലും ഷോപ്പിങ് മാളുകളിലുമായി കുറഞ്ഞത് 25 സ്റ്റോറുകളെങ്കിലും തുറക്കാനാണ് ജി.ഡി അസിസ്റ്റ് ലിമിറ്റഡ് പദ്ധതിയിടുന്നത്. പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ആസ്റ്റര്‍ ഫാര്‍മസി മരുന്നുകള്‍ക്കും വെല്‍നസ് ഉല്‍പന്നങ്ങള്‍ക്കുമുള്ള വണ്‍ സ്റ്റോപ്പ് സൊല്യൂഷനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

കൂടുതല്‍ ആളുകൾക്ക് സേവനം നൽകാനും ബ്രാന്‍ഡിന്‍റെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമായി പുതിയ വിപണിയിലേക്ക് കടക്കുകയാണെന്നും അലീഷ വ്യക്തമാക്കി. ആസ്റ്റര്‍ ഫാര്‍മസിയുമായി ചേര്‍ന്ന് പുതിയ സംരംഭത്തില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ജി.ഡി അസിസ്റ്റ് മാനേജിങ്ങ് ഡയറക്ടര്‍ സയ്യിദ് മൊയ്‌നുദ്ദീന്‍ അഹമ്മദ് പറഞ്ഞു. 

Tags:    
News Summary - Aster Pharmacy to set up 25 pharmaceutical stores in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.