ഇറാഖില്‍ ആരോഗ്യസേവനങ്ങള്‍ വികസിപ്പിക്കാൻ ആസ്റ്റർദുബൈ: ഇറാഖില്‍ ആരോഗ്യസേവനങ്ങള്‍ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഇറാഖിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളായ ഫാറൂഖ് മെഡിക്കല്‍ സിറ്റിയുമായി കരാറിലേര്‍പ്പെട്ടു. ഇറാഖിലെ ക്ലിനിക്കല്‍ ജീവനക്കാരുടെയും ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകളുടെയും പ്രാവീണ്യവികസനത്തിനും അക്കാദമിക്, പ്രഫഷനല്‍ പരിശീലന പരിപാടികള്‍ ഊർജിതമാക്കുന്നതിനും കരാര്‍ വഴിയൊരുക്കും.
ഇറാഖിലെ ഏറ്റവും വലിയ നിക്ഷേപ ഗ്രൂപ്പുകളിലൊന്നായ ഫാറൂഖ് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഫാറൂഖ് മെഡിക്കല്‍ സിറ്റി. വിദേശ രാജ്യങ്ങളിൽ ചെയ്യേണ്ട ശസ്ത്രക്രിയാ സേവനങ്ങൾ ആസ്റ്റര്‍ വഴി സാധ്യമാക്കും. നൂതന അക്കാദമിക് പരിശീലനവും പ്രാവീണ്യവികസനവും നല്കി ഫാറൂഖ് മെഡിക്കല്‍ സിറ്റിയെ മികച്ച ആശുപത്രിയായി വികസിപ്പിക്കുന്നതിനാണ് ശ്രമം. ഇറാഖില്‍ ഒന്നാം റാങ്കുള്ള ക്ലിനിക്കല്‍, മെഡിക്കല്‍ സേവനങ്ങള്‍ നല്കുന്ന അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന സ്ഥാപനമായി ഫാറൂഖ് മെഡിക്കല്‍ സിറ്റിയെ മാറ്റുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്ര അക്രഡിറ്റേഷന് അപേക്ഷിക്കുന്നതിലേക്ക് ഫാറൂഖ് മെഡിക്കല്‍ സിറ്റിയെ നയിക്കുന്നതില്‍ ആസ്റ്റര്‍ പങ്ക് നിർവഹിക്കും.
സുലൈമാനിയയിലെ എഫ്.എം.സി ഹോസ്പിറ്റലുകളിലെ ക്ലിനിക്കല്‍ ഓപറേഷനുകള്‍ക്കും അക്കാദമിക് പ്രോഗ്രാമുകള്‍ക്കും പിന്തുണ നല്‍കുന്നതിന് എഫ്.എം.സി കുര്‍ദിസ്താനുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
രോഗീപരിചരണത്തിന് നേതൃത്വം നല്കാന് ആസ്റ്ററിന്റെ വിദഗ്ധ ഡോക്ടര്‍മാര്‍ എഫ്.എം.സി പതിവായി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആസ്റ്ററുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫാറൂഖ് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെയും ഫാറൂഖ് മെഡിക്കല്‍ സിറ്റിയുടെയും സ്ഥാപകനും ചെയര്‍മാനുമായ ഫാറൂഖ് മുസ്തഫ റസൂല്‍ പറഞ്ഞു. ഇറാഖിലെ ആരോഗ്യസംരക്ഷണ മേഖല കൂടുതല്‍ വികസിപ്പിക്കാന്‍ ഇരു സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലൂടെ സാധ്യമാകുമെന്നും ഫാറൂഖ് മുസ്തഫ റസൂല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.