ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സ് ഹ്യൂമന്‍ അപ്പീല്‍ ഇന്റര്‍നാഷനലുമായി സഹകരിച്ച് 100 നിരാലംബരായ കുട്ടികള്‍ക്കായി ഈദുല്‍ ഫിത്ര് ആഘോഷമൊരുക്കി. ‘സ്മൈല്‍ 2024’ എന്ന പേരില്‍ ദുബൈയിലെ ഒയാസിസ് മാളില്‍ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികള്‍ക്ക് ഷോപ്പിങ് നടത്താനുള്ള അവസരവുമൊരുക്കിയിരുന്നു.
ഒയാസിസ് മാളില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്‍ഡോര്‍ ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററായ ഫണ്‍ സിറ്റി സന്ദര്‍ശിച്ച് സമയം ചെലവഴിച്ച കുട്ടികള്‍, തുടര്‍ന്ന് മാക്സ് സ്പോണ്സര് ചെയ്ത ഷോപ്പിങ് ടൂറും ആസ്വദിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെയും ഉദാരമതികളായ വ്യക്തികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെയും പിന്തുണയോടെയുമാണ് സ്മൈല്‍ 2024 ഒരുക്കിയത്. മാക്സിലെ ഷോപ്പിങ് ടൂറിനായി ആസ്റ്റര്‍ വളന്റിയര്‍മാരും തുല്യമായ തുക സംഭാവനയായി നല്കി.
ആസ്റ്റര്‍ വളന്റിയര്‍മാരില്‍ അർഥവത്തായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിലും നിരാലംബര്‍ക്ക് സന്തോഷം പകരുന്നതിലും പരിപാടി സഹായിച്ചതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു.
കുടുംബങ്ങളെയും കമ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സന്തോഷകരമായ അവസരമാണ് ഈദ് ആഘോഷമെന്ന് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ് ഡയറക്ടര്‍ നിഷാ ജഗ്തിയാനി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരാലംബരെ സേവിക്കുന്നതിനായി വിപുലമായ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് സെക്രട്ടറി ജനറല്‍ ഓഫ് ദ ഇന്റര്‍നാഷനല്‍ ചാരിറ്റി ഓര്ഗനൈസേഷന് ഡോ. ഖാലിദ് അബ്ദുല്‍ വഹാബ് അല്‍ ഖാജ പറഞ്ഞു. അനാഥര്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിക്ക് പിന്തുണ നല്‍കിയതിന് ആസ്റ്റര്‍ ഗ്രൂപ്പിനും ഈ നന്മയുടെ യാത്രയില്‍ പങ്കാളികളായ സംഘടനകള്‍ക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഈദ് ആഘോഷങ്ങള്‍ക്കായി നിരാലംബരായ കുട്ടികള്‍ക്ക് ഷോപ്പിങ്ങിന് അവസരമൊരുക്കുന്ന പദ്ധതിയാണ് ആസ്റ്റര്‍ വളന്റിയേഴ്സിന്റെ സ്മൈല്‍ പ്രോഗ്രാം. ഇപ്പോള്‍ ആറാം വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ് സ്മൈല്‍ പ്രോഗ്രാം. 2018ല്‍ ആരംഭിച്ച സ്മൈല്‍ ഉദ്യമം ഇതിനകം 1500 കുട്ടികളുടെ ജീവിതങ്ങള്‍ക്കാണ് തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.