ഷാര്‍ജ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്‍റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ഷാര്‍ജയില്‍ തുറന്നു. രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി നിർവഹിച്ചു.
റോബോട്ടിക് സര്‍ജറി മുതൽ അതിസങ്കീര്‍ണവും നൂതനവുമായ ചികിത്സാരീതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പുതിയ ആശുപത്രിയിലൂടെ ആസ്റ്റര്‍ പദ്ധതിയിടുന്നത്. നിലവില്‍ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, ഗാസ്‌ട്രോ എന്‍ററോളജി, കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, പീഡിയാട്രിക്‌സ് തുടങ്ങി 20ലധികം സേവനങ്ങള്‍ ഷാര്‍ജയില്‍ ലഭ്യമാണ്. വരുംനാളുകളില്‍ കൂടുതല്‍ സൂപ്പർ സ്പെഷാലിറ്റികള്‍ കൂട്ടിച്ചേര്‍ക്കും.
ഷാര്‍ജയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ജനങ്ങള്‍ക്ക് വിദഗ്ധവും മേന്മയുമുള്ള ചികിത്സ താങ്ങാവുന്നതും അനായാസം പ്രാപ്യവുമായ രീതിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.യു.എ.ഇയിലെ അഞ്ചാമത്തെയും ആസ്റ്റര്‍ ഗ്രൂപ്പിനു കീഴിലെ 30ാമത്തെയും ആശുപത്രി ജനങ്ങൾക്കായി തുറക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച ഭരണാധികാരികള്‍ക്കും അധികാരികള്‍ക്കും ജനങ്ങള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്റ്റർ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് തങ്ങളെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.