ദുബൈ: ബഹിരാകാശ യാത്രാ ശാസ്ത്രത്തിൽ ലോകത്തെ ഏറ്റവും വലിയ ഒത്തുചേരലായ ഇൻറർനാഷണൽ അസ്ട്രോനോട്ടിക്കൽ കോൺഗ്രസ് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ പുരോഗമിക്കുന്നു. വിവിധ ലോക രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ പങ്കെടുക്കുന്ന പരിപാടിയിൽ, ഭാവി പദ്ധതികളും ഗവേഷണ ഫലങ്ങളും പങ്കുവെക്കുന്നുണ്ട്. അസ്ട്രോനോട്ടിക്കൽ കോൺഗ്രസിെൻറ 72ാം എഡിഷനാണ് ദുബൈ വേദിയാകുന്നത്.
പശ്ചിമേഷ്യയിൽ ആദ്യമായാണ് ബഹിരാകാശ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങ് ഒരുക്കിയിരിക്കുന്നത്. ഇൻറർനാഷണൽ അസ്ട്രോനോട്ടിക്കൽ ഫെഡറേഷനും യു.എ.ഇ ബഹിരാകാശ ഗവേഷണ സ്ഥാപനമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എക്സ്പോ 2020ദുബൈയിൽ വിജയകരമായി നടത്തപ്പെട്ട ബഹിരാകാശ വാരാചരണത്തിന് തൊട്ടുടനെയാണ് അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയമായ പരിപാടി ഒരുക്കിയിട്ടുള്ളത്. യു.എ.ഇ പവലിയനിൽ രാജ്യത്തിെൻറ ചൊവ്വാ ദൗത്യവും ചാന്ദ്രദൗത്യവും വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. കോൺഗ്രസിെൻറ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോൺഫറനസുകളിൽ വിവിധ രാജ്യങ്ങളില നിന്നുള്ള ശാസ്ത്രജ്ഞരും ബഹിരാകാശ യാത്രികരും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ബഹിരാകാശ ദൗത്യത്തിനായി രൂപകൽപന ചെയ്ത പേടകങ്ങളുടെയും മിസൈൽ അടക്കമുള്ളവയുടെയും രൂപങ്ങളും പ്രദർശനത്തിലുണ്ട്.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്പേസ് ഇൻഡസ്ട്രി സ്ഥാപനങ്ങളും തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതിക മികവുകൾ പരിചയപ്പെടുത്താനായി എത്തിയിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആദ്യദിനം പ്രദർശനങ്ങൾ നേരിൽ കാണുന്നതിനായി വേദിയിൽ എത്തി. യു.എ.ഇയുടെ വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ ബഹിരാകാശ മേഖല സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സന്ദർശന ശേഷം അദ്ദേഹം പ്രസ്താവിച്ചു. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി മാറുന്നതിനും വരും തലമുറക്ക് ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിനും ബഹിരാകാശ മേഖല നിർണായകമാണ്.
ഞങ്ങളുടെ കഴിവിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. പ്രാദേശിക പ്രതിഭകളുടെ സംഭാവനകളും പ്രമുഖ ആഗോള കമ്പനികളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും വൈദഗ്ധ്യവും സംയോജിപ്പിച്ച് ഈ മേഖലയിൽ മുന്നോട്ടുപോകും. ഞങ്ങൾ ചൊവ്വയിലെത്തി, ശുക്രനിലേക്ക് പോകും -അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് ബഹിരാകാശ ഏജൻസിയായ നാസ, ഇന്ത്യയുടെ ഐ.എസ്.ആർ.ഒ, റഷ്യൻ സ്പേസ് ഏജൻസി എന്നിവയടക്കം 90ലേറെ പ്രദർശകരുടെ പവലിയനുകളാണ് ഇവിടെയുള്ളത്. 110രാജ്യങ്ങളിൽ നിന്നായി പ്രതിനിധിസംഘവും 350യുവ പ്രഫഷനുകളും മേഖലയിലെ വിദഗ്ധരും ചടങ്ങിനെത്തിയിട്ടുണ്ട്. ഇതിന് പുറമെ 5000ത്തോളം രജിസ്റ്റർ ചെയ്ത പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച ആരംഭിച്ച പരിപാടി വെള്ളിയാഴ്ച സമാപിക്കും. അടുത്ത വർഷം പാരീസിലാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.