ഷാർജ: കന്നുകൾ മേയുന്ന കുന്നുകൾക്ക് മുകളിലും പാടവരമ്പത്തും പറമ്പിലും ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പൂവട്ടിയും കൈയിലേന്തി പൂവേ പൊലി പാടി നടന്ന കുട്ടിക്കാലത്തിലേക്കും തെല്ലും വിവേചനമില്ലാതെ കേരളം ഭരിച്ച മഹാബലിയുടെ സമൃദ്ധിയിലേക്കും പ്രവാസി മലയാളികളെ കൊണ്ടുപോകാൻ അത്തമെത്തി. താമസിക്കുന്ന ഇത്തിരി ചതുരത്തിലെ ഒത്തിരി സ്ഥലത്ത് പൂക്കളങ്ങൾ ഉണർന്നു തുടങ്ങി.
യു.എ.ഇയിലെ പൂക്കടകളിലും ഹൈപ്പർ മാർക്കറ്റുകളിലും മറ്റു കടകമ്പോളങ്ങളിലുമെല്ലാം ഇന്ത്യയിൽനിന്ന് വിമാനം കയറിവന്ന പല വർണപ്പൂക്കളുടെ ചന്തം പൂവിളി ഉയർത്തിയതോടെയാണ് പൂക്കളങ്ങൾ വട്ടം വീശാൻ തുടങ്ങിയത്. മരം കൊണ്ടും മണ്ണുകൊണ്ടും തീർത്ത ത്യക്കാക്കരയപ്പനും റെഡിയായിട്ടുണ്ട്. ഓണക്കോടികളും ഓണക്കുലകളും കേരളത്തിൽനിന്നാണ് പ്രവാസികളെ കാണാനെത്തുന്നത്. ഓണസദ്യകൾ കേമമാക്കാനുള്ള ശ്രമങ്ങളും വിപണികളിൽ തുടങ്ങിയിട്ടുണ്ട്.
എന്നാൽ, പോയവർഷത്തെപോലെ ഓണം ആഘോഷിക്കാനും ഇതര രാജ്യക്കാരായ സുഹൃത്തുക്കൾക്ക് ഓണസദ്യ വിളമ്പാനും സാധിക്കാത്ത സങ്കടം മലയാളി മനസ്സുകളിലും മെസുകളിലുമുണ്ട്.
30ന് ഉത്രാടവും 31ന് തിരുവോണവും എത്തും. പ്രവാസികളുടെ ഓണാഘോഷം ഒരാണ്ടു നീളുമെന്നാണ് ചൊല്ല്. എന്നാൽ, പിൻവാങ്ങി തുടങ്ങിയ കോവിഡ് പല ഭാഗത്തും തിരിച്ചുവരാൻ തുടങ്ങിയത് ഓണാഘോഷത്തിന് മാറ്റുകുറക്കും. കഴിഞ്ഞ വർഷം ആയിരങ്ങൾക്ക് ഓണസദ്യ വിളമ്പി ചരിത്രം കുറിച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം ഏതു വിധത്തിലായിരിക്കും എന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചിട്ടില്ല. ഓണാഘോഷങ്ങൾക്ക് ചമയങ്ങൾ ഒരുക്കി ഉപജീവനം കണ്ടെത്തുന്ന നിരവധി കലാകാരൻമാർ യു.എ.ഇയിലുണ്ട്. ചെണ്ടക്കാർ മുതൽ മഹാബലി വരെ. ഇവരാണ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.