ദുബൈ: അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് പുഷ്പാഞ്ജലി അർപ്പിച്ച് പ്രവാസലോകം. യു.എ.ഇയിലെ ഇന്ത്യൻ സൗഹൃദക്കൂട്ടായ്മ ഒരുക്കിയ അനുസ്മരണയോഗത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര, മകൾ മഞ്ജു രാമചന്ദ്രൻ, സഹോദരൻ രാമപ്രസാദ് എന്നിവർക്ക് പുറമെ വിവിധ സംഘടന ഭാരവാഹികളും സ്ഥാപനമേധാവികളും പങ്കെടുത്തു. നഷ്ടമായത് സ്നേഹനിധിയായ പിതാവിനെയാണെന്നും ഇനിയും ആ അച്ഛന്‍റെ മകളായി ജനിക്കണമെന്നും മകൾ മഞ്ജു പറഞ്ഞു. കൊച്ചുകുട്ടികളെ പോലെയായിരുന്നു അച്ഛൻ. ചെറിയ കാര്യങ്ങൾക്ക് പിണങ്ങും. അധികം വൈകാതെ ഇണങ്ങും. മറ്റുള്ളവരുടെ ഹൃദയത്തിൽ അച്ഛന് എത്രത്തോളം സ്ഥാനമുണ്ടെന്നറിയുന്ന ദിനങ്ങളാണിതെന്നും മഞ്ജു പറഞ്ഞു.
എല്ലാ തുറകളിലും ജ്വലിച്ചുനിൽക്കുകയും പിന്നീട് കടുത്ത പരീക്ഷണങ്ങൾക്ക് വിധേയമാവുകയും ചെയ്ത രാമചന്ദ്രൻ നല്ലൊരു മനുഷ്യ സ്നേഹി കൂടിയായിരുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. തിരിച്ചടികൾക്കിടയിലും അസാമാന്യ ഇച്ഛാശക്തി കാത്തുസൂക്ഷിക്കാൻ രാമചന്ദ്രന് സാധിച്ചതായി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ദുബൈ ജയിലിൽ അറ്റ്ലസ് രാമചന്ദ്രൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്ന് അഡ്വ. അബ്രഹാം പി. ജോൺ പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ പൗരാവലിക്കുവേണ്ടി യാസർ ഹമീദ്, അഡ്വ. ഹാഷിക്ക് തൈക്കണ്ടി, ബി.എ. നാസർ, റിയാസ് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ഐസക്ക് ജോൺ പട്ടാണിപറമ്പിൽ, ആർ. ഹരികുമാർ എലൈറ്റ്, ചാൾസ് പോൾ, അഷറഫ് താമരശ്ശേരി, ഇ.പി. ജോൺസൺ, കെ.വി. ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എസ്.എം. ജാബിർ, ബശീർ ബല്ലോ, അൻസാർ കൊയിലാണ്ടി, നദീർ കാപ്പാട്, എം.സി.എ. നാസർ, കെ.എം.അബ്ബാസ്, ജലീൽ പട്ടാമ്പി, ആദർശ്, ഇ.ടി. പ്രകാശ്, നാസർ ഊരകം, നിസാർ തളങ്കര, സലീം ഇട്ടമ്മൽ, അഡ്വ. അബ്രഹാം ജോൺ, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. ശറഫുദ്ദീൻ, അഡ്വ. സിജോ ഫിലിപ്പ്, ജൂഡ് ഫർണാണ്ടസ്, രമേശ് മന്നത്ത്, ബദറുദ്ദീൻ പനക്കാട്, വിനിഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.