ഏറെ നാളായി മനസിലുള്ള സ്വപ്നമായിരുന്നു മുംബൈ. ആരെയും മോഹിപ്പിക്കുന്ന മഹാനഗരത്തിലേക്കുള്ള സ്വപ്ന യാത്ര യാഥാർഥ്യമാക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ, തലശ്ശേരിയിൽനിന്നും ഞങ്ങൾ ഏഴ് സുഹൃത്തുക്കൾ ചേർന്നൊരു യാത്ര. പുറപ്പെടുന്നതിനു മുൻപുള്ള സങ്കൽപമായിരുന്നില്ല അവിടെയെത്തിയപ്പോൾ. 'വല്ലാത്തൊരു ലോകം' എന്ന് പറയാതെ വയ്യ. ഒഴുകുന്ന നഗരമെന്നു വിളിച്ചാലും തെറ്റില്ല. കാരണം, അവിടുത്തെ ജനങ്ങൾ സത്യത്തിൽ ഒഴുകുകയാണ്. പഠനത്തിന് പോവുന്ന വിദ്യാർത്ഥികൾ മുതൽ ജോലിക്ക് പോവുന്നവർ വരെ ഓട്ടത്തിലാണ്.
ഏറെ അത്ഭുതപ്പെടുത്തിയത്ത് ഈ നഗരത്തിലെ പച്ചപ്പാണ്. പൊടിയും പുകയും നിറഞ്ഞ നഗരമെന്ന സങ്കൽപ്പത്തെ തിരുത്തിയത് ഈ പച്ചപ്പും മഴയും ചേർന്ന ലൊനാവലയിലെ ശാന്ത സുന്ദരമായ മലകൾ കണ്ടപ്പോഴാണ്. മഹാനഗരത്തിലെ ബഹളങ്ങൾക്കപ്പുറം ശുദ്ധവായു ലഭിക്കുന്ന ഇന്ത്യയിലെതന്നെ പ്രധാന സ്ഥലങ്ങളിലൊന്നായ മത്തേരാൻ പോലുള്ള പ്രദേശങ്ങൾ ഈ നഗരത്തിലുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യയും താജ് ഹോട്ടൽ സമുച്ചയവും മറൈൻ ഡ്രൈവും ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളിലൊന്നായ ഹാജി അലി മസ്ജിദും... തിരക്ക് പിടിച്ച തീവണ്ടി യാത്രയിലുടനീളം കാണാം തിങ്ങി നിറഞ്ഞു ജീവിക്കുന്ന ചേരി പ്രദേശങ്ങൾ. സാധാരണക്കാരും ദരിദ്രരും സമ്പന്നരും ആഡംബര ജീവിതങ്ങളും നമ്മുടെ കൺമുന്നിൽ മിന്നിമായും. എല്ലാത്തിനുമപ്പുറം വിവിധയിനം രുചിക്കൂട്ടുകളും.
രാജധാനി എക്സ്പ്രെസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. ഏതാണ്ട് 21 മണിക്കൂർ യാത്രചെയ്താണ് മുംബൈയിൽ എത്തിയത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ലാൻഡ്മാർക്ക് ആയിരുന്ന വിക്ടോറിയ ടെർമിനസ് എന്ന വി.ടി റയിൽവേ സ്റ്റേഷൻ (ഇപ്പോഴത്തെ സി.എസ്.ടി) എത്തിയപ്പോൾ അവിടുത്തെ തിരക്ക് കണ്ട് ആദ്യം നിരാശ തോന്നി. പക്ഷെ, നഗരമാകെയുള്ള ആ തിരക്കും ബഹളവും ക്രമേണ ഞങ്ങൾ ആസ്വദിച്ച് തുടങ്ങി.
ശാന്തസുന്ദരമായ പച്ചപുതച്ച നേർത്ത മഴയുള്ള ലോനാവല എന്ന ഹിൽ സ്റ്റേഷനിലേക്കായിരുന്നു യാത്ര. ട്രെയിൻ യാത്രയിൽ പക്ഷെ തരിച്ചിരുന്നുപോവുന്ന വല്ലാത്തൊരു കാഴ്ച്ചയായിരുന്നു കൂടുതലും. ഇരുവശത്തും തിങ്ങിനിറഞ്ഞു ജീവിക്കുന്ന ചേരിപ്രദേശങ്ങളുടെ കാഴ്ച്ച മനസ്സിനെ സങ്കടപ്പെടുത്തി. ധാരാവി ധാരാവി എന്ന് കേട്ടിട്ടേ ഉള്ളൂവെങ്കിലും ആദ്യമായി ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവി കണ്ടു. ചരിത്രത്തിൽ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നതുമായ നിരവധി പ്രശസ്തരായ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തിയുള്ള ലോനവല വാക്സ് മ്യൂസിയത്തിലും അല്പം സമയം ചിലവഴിച്ചു. നേരിട്ട് കണ്ടിട്ടില്ലാത്ത, പക്ഷെ കാണാനാഗ്രഹിച്ച പലരെയും ജീവൻതുടിക്കുന്ന മെഴുക്പ്രതിമകളായി കാണാൻ സാധിച്ചു. പോകുന്ന വഴിയിൽ സച്ചിൻ തെണ്ടുൽകറുടെ വീടും കണ്ടു. പിറ്റേ ദിവസം ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ എത്തി. ഇതിനടുത്താണ് താജ് ഹോട്ടൽ. ബോട്ട് യാത്രക്ക് ശേഷം മറൈൻലെൻസിലേക്ക് പോയി.
മൂന്നാം ദിനം ഹാജി അലി ദർഗയായിരുന്നു ലക്ഷ്യം. പലപ്പോഴായി ഹിന്ദി സിനിമകളിലും മറ്റും കണ്ടിരുന്ന മഞ്ഞയും കറുപ്പും ചേർന്ന പ്രീമിയർ പദ്മിനി ടാക്സിയിൽ യാത്ര ചെയ്തെത്തിയ ഞങ്ങൾ റോഡിൽനിന്നും കടലിനു കുറുകെയുള്ള ആ പാലത്തിലൂടെ നടന്നു തുടങ്ങി. ഇരുവശത്തും കളിപ്പാട്ടങ്ങളും ഭക്ഷണങ്ങളും ദസ്ബീഹ് മാലകളും അങ്ങനെ പലതരം കച്ചവടങ്ങൾ ചെയ്യുന്ന കുഞ്ഞു കടകൾക്കിടയിലൂടെ നടന്നു പോവുമ്പോൾ അതേ വഴിയിൽ ഭിക്ഷക്കിരിക്കുന്നവരും കുറച്ചായിരുന്നില്ല. വെള്ളിയാഴ്ച്ച ദിവസമായതിനാൽ പള്ളിയിലും തൊട്ടടുത്തുള്ള ദർഗയിലും നല്ല തിരക്കായിരുന്നു. അവിടെ മുസ്ലിംകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മുംബയിലെത്തന്നെ വലിയൊരു ലാൻഡ്മാർക്ക് ആയിരുന്നിട്ടും ഇത്രയേറെ പ്രാധാന്യമുള്ള ഹാജി അലി മസ്ജിദും ദർഗയും പരിസരവും ആകെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത് സങ്കടപ്പെടുത്തി. അവിടുന്ന് ബൊരിവാലി സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. നോർത്ത് മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിലെ പ്രശസ്തമായ കാൻഹേരി ഗുഹകൾ കാണാനായിരുന്നു ലക്ഷ്യം. ഗുഹയുടെ വലിയ കൂട്ടങ്ങളായിരുന്നു അവിടം മുഴുവൻ. ഈ കാഴ്ച്ചകൾ വേറിട്ടതായിരുന്നു എന്ന് പറയാതെ വയ്യ. മിക്ക ഗുഹകളും ബുദ്ധവിഹാരങ്ങളായിരുന്നു. നാലാം ദിവസം മുംബയിലെ പ്രധാന കച്ചവടപ്രദേശങ്ങൾ കാണാനും അത്യാവശ്യം സാധനങ്ങൾ വാങ്ങാനുമിറങ്ങി. തിരക്കുപിടിച്ച മാർക്കറ്റിലെ കാഴ്ച്ചകൾ അമ്പരപ്പിക്കുന്നതുതന്നെ. എല്ലാവരും അവിടെ തിരക്കിലാണ്.
മുംബൈ നഗരത്തിൽ ഏറ്റവും വിസ്മയിപ്പിക്കുന്നതാണ് ഇവിടുത്തെ ലോക്കൽ ട്രെയിനുകൾ. മെട്രോ പോലെ നിമിഷ നേരത്തിനുള്ളിൽ കുതിച്ചു പായുന്ന ട്രെയിനുകൾ ദിവസവും പതിനായിരക്കണക്കിനാളുകളെയാണ് പേറുന്നത്. നഗരത്തെയൊന്നാകെ ബന്ധിപ്പിക്കുന്നത് ഈ ലോക്കൽ ട്രെയിനുകളാണ്.
ഇനിയൊരിക്കൽകൂടെ അവിടെപോവണമെന്നുറപ്പിച്ചാണ് അഞ്ചാം നാൾ ഞാനും സഹീറും ഫൈസലും സമീറും നുഷയ്ദും ഷംനാസും നിസാറും നാട്ടിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.