ദുബൈ: പുതിയ ഫാൻസി വാഹന നമ്പറുകളുടെ 113ാമത് ലേലം പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). (AA70), (Y96), (Z43), (S888), (W22222), (X7777), (X300), (W10000) എന്നിങ്ങനെ രണ്ട്, മൂന്ന്, നാല്, അഞ്ച് ഡിജിറ്റുകളിലായി 90 ഫാൻസി നമ്പർ പ്ലേറ്റുകളാണ് ലേലം ചെയ്യുന്നത്.
സെപ്റ്റംബർ രണ്ടിന് വൈകീട്ട് 4.30ന് ദുബൈയിലെ ഇന്റർകോണ്ടിനെന്റൽ ഫെസ്റ്റിവൽ സിറ്റി ഹോട്ടലിലായിരിക്കും ലേലമെന്ന് ആർ.ടി.എ അറിയിച്ചു. ലേലത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആഗസ്റ്റ് 28 തിങ്കളാഴ്ച ആരംഭിക്കും. താൽപര്യമുള്ളവർക്ക് ആർ.ടി.എയുടെ വെബ്സൈറ്റ്, ദുബൈ ഡ്രൈവ് ആപ്പ്, ഉമ്മുൽ റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ ആർ.ടി.എയുടെ കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്റർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യാം.
ലേലദിവസം ഉച്ചക്ക് രണ്ടുവരെ ലേലഹാളിലും സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.
ലേലത്തിൽ ലഭിക്കുന്ന ഫാൻസി നമ്പറുകൾക്ക് അഞ്ച് ശതമാനം വാറ്റ് നികുതി നൽകേണ്ടി വരും. ലേലത്തിൽ പങ്കെടുക്കുന്നവർ ദുബൈ നിവാസികൾ ആയിരിക്കണം. കൂടാതെ ആർ.ടി.എയുടെ പേരിൽ 25,000 ദിർഹമിന്റെ സെക്യൂരിറ്റി ചെക്ക് നിക്ഷേപിക്കണം. നോൺ റീഫണ്ടബ്ൾ ഓക്ഷൻ ഫീ ആയി 120 ദിർഹം കമ്യൂണിറ്റി ഹാപ്പിനസ് സെന്ററിൽ അടക്കുകയും വേണം. ഓൺലൈനായോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ദുബൈ ഡ്രൈവ് ആപ് എന്നിവ ഉപയോഗിച്ചോ പണമടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.