ഷാർജ: തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ രംഗത്ത് ഷാർജ ലേബർ സ്റ്റാൻഡേഡ് ഡെവലപ്മെന്റ് അതോറിറ്റി (എൽ.എസ്.ഡി.എ) നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഷാർജ നാഷനൽ പാർക്കിന് സമീപം നടന്നുവരുന്ന ടൂർണമെൻറ്, തൊഴിലാളികളുടെ കായികവും മാനസികവുമായ ഉല്ലാസം കണക്കിലെടുത്താണ്. ശൈത്യകാലം ശക്തിപ്പെട്ടതോടെ കൊടും തണുപ്പിൽനിന്ന് രക്ഷപ്പെടാനുള്ള വസ്ത്രങ്ങളുമായി ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയാണ് അതോറിറ്റി ഇപ്പോൾ. ഷാർജ ചാരിറ്റി ഇന്റർനാഷണൽ (എസ്.സി.ഐ) ആരംഭിച്ച 'വാം വിന്റർ' കാമ്പയിനിന്റെ ഭാഗമായാണ് ലേബർ സ്റ്റാൻഡേഡ് ഡെവലപ്മെന്റ് അതോറിറ്റി ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. ഷാർജയുടെ വികസനത്തിൽ തൊഴിലാളികൾ വഹിക്കുന്ന പ്രധാന പങ്ക് എപ്പോഴും ഊന്നിപ്പറയുന്ന, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിനും നിർദേശങ്ങൾക്കും അനുസൃതമായാണ് തൊഴിലാളികൾക്ക് പിന്തുണ നൽകുന്ന പ്രക്രിയ തുടരുന്നതെന്ന് എൽ.എസ്.ഡി.എ ചെയർമാൻ സലീം യൂസുഫ് അൽ ഖസീർ പറഞ്ഞു.
ഷാർജ സർക്കാർ എപ്പോഴും തൊഴിലാളികളോട് കരുതൽ കാണിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് തൊഴിലാളികളിലൊരാൾ പറഞ്ഞു. കമ്പനികൾ ഞങ്ങൾക്ക് പുതപ്പുകളോ സ്വെറ്ററുകളോ കോട്ടുകളോ നൽകാറില്ല. അവ പണം കൊടുത്തുവാങ്ങലാണ് പതിവ്. എല്ലാ തൊഴിലാളികൾക്കും അത് താങ്ങാൻ കഴിയില്ല, എന്നാൽ ഇപ്പോൾ, ശൈത്യകാലത്ത് ഷാർജ നൽകുന്ന കരുതൽ വിലമതിക്കാനാവാത്തതാണ്- മറ്റൊരു തൊഴിലാളി അഭിപ്രായപ്പെട്ടു. ഒരു പുതപ്പും കോട്ടും സ്വെറ്ററും അടങ്ങുന്ന ബാഗ് തുറന്നപ്പോൾ വളരെ സന്തോഷം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു, മറ്റൊരു തൊഴിലാളിയുടെ വാക്കുകളിൽ ഷാർജയോടുള്ള അടങ്ങാത്ത സ്നേഹം പ്രകടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.