അബൂദബി: രാജ്യത്തെ ജുഡീഷ്യൽ മേഖലകളിൽ സമീപഭാവിയിൽ തന്നെ നിർമിതബുദ്ധിയിൽ (എ.ഐ) പ്രവർത്തിക്കുന്ന വെർച്വൽ ജീവനക്കാരിയെ അവതരിപ്പിക്കുമെന്ന് നീതിന്യായ വകുപ്പ്. ‘ആയിഷ’ എന്നാണ് എ.ഐ ജീവനക്കാരിയുടെ പേര്. ഒരുവര്‍ഷം മുമ്പ് ‘ആയിഷ’യെ അവതരിപ്പിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ ഇതിന്റെ ഉപയോഗം തുടങ്ങിയിരുന്നില്ല.
കോടതി കവാടത്തിലായിരിക്കും ‘ആയിഷ’യെ സ്ഥാപിക്കുക. അപേക്ഷകള്‍, ശബ്ദ, ചിത്ര ഉള്ളടക്കങ്ങള്‍ എന്നിവ തയാറാക്കാനുള്ള ശേഷി ‘ആയിഷ’ക്കുണ്ട്. കോടതികളിലെത്തുന്നവര്ക്ക് അവരുടെ പരാതികള്‍ സംബന്ധിച്ച നടപടികളടക്കമുള്ള അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇതിന് കഴിയും. അപേക്ഷകള്‍ തയാറാക്കാനും ലഭ്യമായ വിവരങ്ങൾ വെച്ച് കേസ് സംബന്ധമായ ഉപദേശങ്ങള്‍ നല്‍കാനും വെര്‍ച്വല്‍ ജീവനക്കാരി സഹായിക്കും. ന്യായാധിപര്‍ക്കും അഭിഭാഷകര്‍ക്കും നിയമ സംബന്ധമായി കോടതികളിലെത്തുന്നവര്ക്കുമെല്ലാം ആവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കി ഇവരുടെ ജോലി കാര്യപ്രാപ്തിയോടെ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍മിത ബുദ്ധിയെ വകുപ്പില്‍ സമന്വയിപ്പിക്കുന്നത്. ഉപഭോക്താക്കള്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍ എന്നിവരുൾപ്പെടെയുള്ളവരുടെ ജോലി കാര്യക്ഷമമായി പൂര്‍ത്തിയാക്കാനാവശ്യമായ വിവരങ്ങള്‍ നേടുന്നതിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നീതിന്യായ വ്യവസ്ഥയില്‍ നിര്‍മിത ബുദ്ധിയെ സമന്വയിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളില്‍ ഈ നടപടി ഒരു സുപ്രധാന ചുവടുവെപ്പാണ്. ജഡ്ജിമാരെ സഹായിക്കുന്നതിനാണ് ആയിഷയുടെ സാങ്കേതിക സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ദശലക്ഷക്കണക്കിന് പഴയ കേസുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വിശകലനം ചെയ്യാന്‍ ഇതിനു ശേഷിയുണ്ട്. ഇതില്‍ നിന്ന് ഏറ്റവും മികച്ച വിധി ന്യായങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ജഡ്ജിക്ക് എത്തിച്ച് നല്‍കാനും ഇവയില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജഡ്ജിക്കാകുകയും ചെയ്യും. ചരിത്രപരമായ കേസുകള്‍ പുനഃപരിശോധിക്കാന്‍ ‘ആയിഷ’ക്ക് കഴിയും. ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ജഡ്ജിമാരെ സഹായിക്കാനും ആയിഷ സഹായിക്കും. ഒരു അഭിഭാഷകന് കരിയറിലുടനീളം ആയിരക്കണക്കിന് കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്യാനാവുകയെങ്കില് ആയിഷയുടെ ഡേറ്റാബേസില്‍ ദശലക്ഷക്കണക്കിന് കേസുകളുണ്ട്. ആയിഷയുടെ സഹായത്തോടെ അഭിഭാഷകര്‍ക്ക് വിവിധ കേസുകള്‍ വിശകലനം ചെയ്ത് അതിവേഗം കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇനി മുതല്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.