ദുബൈ: വേനലവധി കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ശനി, ഞായർ ദിവസങ്ങളിലെ മെട്രോ സർവിസ് സമയം ദീർഘിപ്പിച്ചു. സെൻട്രൽ പോയന്റ്, ജിജികോ സ്റ്റേഷനുകളിലാണ് സമയം ദീർഘിപ്പിച്ചത്.
ഈ രണ്ട് സ്റ്റേഷനുകളിലും ആഗസ്റ്റ് 24 ശനിയാഴ്ച വരെ പ്രവർത്തന സമയം രാവിലെ അഞ്ചു മുതൽ പുലർച്ച രണ്ട് വരെയും 25 ഞായറാഴ്ച രാവിലെ എട്ട് മുതൽ പുലർച്ച രണ്ടു വരെയും ആയിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വേനലവധിക്ക് ശേഷം നാട്ടിൽനിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആർ.ടി.എ എക്സിലൂടെ അറിയിച്ചു.
അടുത്ത 13 ദിവസങ്ങൾക്കുള്ളിൽ ഏതാണ്ട് 35 ലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവള അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും ഇടയിൽ അഞ്ചു ലക്ഷം യാത്രക്കാരെത്തും. സെപ്റ്റംബർ ഒന്നായിരിക്കും ഏറ്റവും തിരക്കേറിയ ദിനം.
അന്നേ ദിവസം 2,91,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ. ഈ വർഷം ആറു മാസത്തിനിടെ 4.49 കോടി യാത്രക്കാരെ സ്വീകരിച്ചതായി അധികൃതർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.