ദുബൈ: കോവിഡിന്റെ വകഭേദം തീർത്ത ആശങ്കകളിൽ നിന്ന് മുക്തരായി യു.എ.ഇയിലെ കുട്ടികൾ തിങ്കളാഴ്ച മുതൽ വീണ്ടും ക്ലാസ് മുറികളിലെത്തും. അബൂദബി ഉൾപെടെയുള്ള നാല് എമിറേറ്റുകൾ ഏർപെടുത്തിയിരുന്ന ഓൺലൈൻ പഠനമാണ് അവസാനിപ്പിക്കുന്നത്. ദുബൈ, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നില്ല.
രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്തും സ്കൂളുകൾക്ക് തയാറെടുപ്പ് നടത്തുന്നതിനുമായിരുന്നു മൂന്നാഴ്ച ഓൺലൈൻ പഠനത്തിലേക്ക് മാറാൻ അബൂദബി, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകൾ തീരുമാനിച്ചത്. ശൈത്യകാല അവധിക്ക് ശേഷം ജനുവരി മൂന്നിന് ആരംഭിക്കേണ്ട ക്ലാസുകളാണ് ഓൺലൈനിലേക്ക് മാറ്റിയത്. എന്നാൽ, ഒമിക്രോണിന്റെ ഭീതി വിട്ടൊഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും കുട്ടികളെ ക്ലാസ് മുറികളിൽ എത്തിക്കുന്നത്.
ഇത് വിദ്യാഭ്യാസ മേഖലയിലുടനീളം പുതിയ ഉണർവ് സൃഷ്ടിക്കും. വിനോദ യാത്രകൾക്ക് നിയന്ത്രണമുണ്ടെങ്കിലും കായിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തടസമില്ലെന്ന നിർദേശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആശ്വാസമാണ്. സർവകലാശാലകളിലും കോളേജുകളിലും മറ്റു പരിശീലന സ്ഥാപനങ്ങളിലും ഈ നിർദേശം ബാധകമായിരിക്കും. രണ്ട് ബാച്ചുകളിലായാണ് ക്ലാസ് നടക്കുക. തിങ്കളാഴ്ച മുതൽ കിന്റർഗാൻഡൻ, ഒന്നുമുതൽ അഞ്ചുവരെ ഗ്രേഡ്, 12ാം ഗ്രേഡ് എന്നീ വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ദേശീയ-അന്തർദേശീയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ എന്നിവർക്കും നാളെ നേരിട്ട് ക്ലാസിൽ വരാം. ആറുമുതൽ 11വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഈ സമയത്ത് ഓൺലൈൻ പഠനം തുടരണം. ജനുവരി 31തിങ്കളാഴ്ച മുതൽ മറ്റു ക്ലാസുകളിലെ വിദ്യാർഥികൾക്കും നേരിട്ട് ഹാജരാകാം.
കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കണം സ്കൂൾ പ്രവേശനമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ പഠനം തുടരാൻ ആരഗഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള സൗകര്യവും ഉറപ്പുവരുത്തും. സ്കൂൾ അധികൃതർ കുട്ടികളെ നേരിട്ട് ബന്ധപ്പെട്ട് പഠനരീതിയും നിലവിലെ ആരോഗ്യാവസ്ഥയും അറിഞ്ഞിരിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
ആദ്യദിനം സ്കൂളിൽ ഹാജരാകുന്ന അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും 96 മണിക്കൂറിനിടയിലെ നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണം
പി.സി.ആർ കേന്ദ്രങ്ങളിൽ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് തന്നെ പരിശോധിക്കുന്നത് ഉചിതമായിരിക്കും
അധ്യാപക-അനധ്യാപക ജീവനക്കാർക്ക് സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്ന എല്ലാ സമയത്തും അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് വേണം
വിദ്യാർഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും ട്രാവൽ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം
വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് മടങ്ങിവന്നവർ ഒന്നാം ദിനത്തിലും ആറാംദിനത്തിലും എടുത്ത നെഗറ്റീവ് ഫലം കാണിക്കണം
രക്ഷിതാക്കളും സന്ദർശകരും സ്കൂൾ പരിസരത്തേക്ക് പ്രവേശിക്കാൻ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസും 96 മണിക്കൂറിനിടയിലെ പി.സി.ആർ ഫലവും ഹാജരാക്കണം
സ്കൂൾ യാത്രകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാടില്ല. എന്നാൽ മുൻകരുതൽ സ്വീകരിച്ച് കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ ആകാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.