അജ്‌മാൻ: അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ നടത്തിയ ഒന്നാമത് ഇസ്മായിൽ സ്മാരക ഇൻ ഹൗസ് ബാഡ്മിൻറൺ ടൂർണമെൻറിൽ അജയ് കാർലോസ്-ഷംസീർ സഖ്യത്തിന് കിരീടം.
ഐ.എസ്.സിയുടെ നവീകരിച്ച ബാഡ്മിൻറൺ കോർട്ടിൽ നടന്ന വാശിയേറിയ ഫൈനലിൽ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് ശ്രീഷൻ-ജോജി മാത്യു ടീമിനെയാണ് തോൽപിച്ചത്. സ്‌കോർ: (21-14, 21-17). സാബു സ്റ്റാലിൻ-അനന്തു സഖ്യം മൂന്നാം സ്ഥാനം നേടി. 22 പുരുഷ ടീമുകൾ രണ്ടുദിനം വിവിധ ഗ്രൂപ്പുകളിലായി മറ്റുരച്ച ടൂർണമെൻറ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അരങ്ങേറിയത്. ഇക്കഴിഞ്ഞ നവംബറിൽ അജ്‌മാൻ-ഷാർജ അതിർത്തിയിലെ അൽ ഹീറ കോർണിഷിലെ ചുഴിയിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്മായിലിന് ജീവൻ നഷ്ടമായത്.
അപകടത്തിൽ മകൾ അമലും മരിച്ചു. ദുബൈ ആർ.ടി.എ ജീവനക്കാരനായിരുന്ന ഇസ്മായിൽ ഐ.എസ്.സി. കോർട്ടിൽ കളിക്കുന്ന മോണിങ് സ്റ്റാർ ടീമിലെ അംഗമായിരുന്നു. വിജയികൾക്ക് പരേതെൻറ സഹോദരൻ മുബാറക് ട്രോഫികൾ സമ്മാനിച്ചു. സമാപന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുജികുമാർ പിള്ള സ്വാഗതവും സ്പോർട്സ് കമ്മിറ്റി കൺവീനർ കെ.ജി. ഗിരീഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്‍റ് വി.വി. പ്രജിത്ത്, ജോ. സെക്രട്ടറി ചന്ദ്രൻ ബേപ്പ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, ഷാഹിദ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.