ദുബൈ: കുഞ്ഞു ബദ്ർ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല ഇത്തരമൊന്ന്. ദുബൈ കാണാനുള്ള ആഗ്രഹം ചാനൽ കാമറക്ക് മുന്നിൽ പറഞ്ഞ തനിക്ക് ദുബൈ ഭരണാധികാരിയുടെ കരംപിടിച്ച് തന്നെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിരിക്കുന്നു.
ബുർജ് ഖലീഫ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന കുവൈത്തി ബാലൻ ബദ്റിന്റെ വിഡിയോ ജൂലൈയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കുഞ്ഞു താരത്തെയും കുടുംബത്തെയും കണ്ടത്.
ബദ്റും സഹോദരനും ആശ്ചര്യത്തോടെ ശൈഖ് മുഹമ്മദുമായി സംസാരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.
വിഡിയോ പുറത്തുവന്ന സമയത്ത് തന്നെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബദ്റിനെ ദുബൈയിലേക്ക് ക്ഷണിച്ചിരുന്നു. കുട്ടിയെയും കുടുംബത്തെയും ബുർജ് ഖലീഫ കാണാനായി ക്ഷണിക്കുന്നതായും ബദ്റിനെ പരിചയമുള്ളവർ അറിയിക്കണമെന്നും ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിക്കുകയായിരുന്നു.
കുവൈത്തി ചാനലായ അൽ ഖബസിനോടാണ് ബദ്ർ ബുർജ് ഖലീഫ കാണാനുള്ള ആഗ്രഹം പങ്കുവെച്ചത്. പിതാവിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ യു.എ.ഇയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ബദ്ർ. എവിടെ സന്ദർശിക്കാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് കുട്ടി ബുർജ് ഖലീഫയെന്ന് മറുപടി നൽകുന്നത്. ബുർജ് ഖലീഫയെ കുറിച്ച് എങ്ങനെയാണ് അറിഞ്ഞതെന്ന ചോദ്യത്തിന് ടെലിവിഷനിലൂടെ ഏറെ കാര്യങ്ങൾ മനസ്സിലാക്കിയതായി മറുപടി നൽകുന്നുമുണ്ട്. ‘ഞാൻ ബുർജ് ഖലീഫ കാണും. നാലു ദിവസം ദുബൈയിൽ ചെലവഴിക്കും’ എന്നു പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട വിഡിയോ കണ്ട് നിരവധി പേർ പ്രതികരിച്ചിരുന്നു. ഇമാർ ഗ്രൂപ് ഉന്നത ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ അബ്ബാറും ബുർജ് ഖലീഫ കാണാനായി കുട്ടിയെ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.