അബൂദബി: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാവും വിധം സ്കൂള്‍ ബാഗിന്റെ ഭാരം കൂടുന്നത് തടയാന്‍ അധികൃതര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയ സാഹചര്യത്തില്‍ ഇതുറപ്പാക്കുന്നതിനായി വിവിധ നടപടികളുമായി എമിറേറ്റിലെ സ്കൂളുകള്‍. വിദ്യാര്‍ഥികളുടെ ശരീര ഭാരത്തിന്റെ 10 ശതമാനം ഭാരമേ സ്കൂള്‍ ബാഗുകള്‍ക്ക് ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലർ പറയുന്നത്.
ഇതുറപ്പാക്കുന്നതിനായി ഡിജിറ്റല്‍ പുസ്തകം പുറത്തിറക്കുകയെന്ന നയം പ്രാബല്യത്തില്‍ വരുത്താനാണ് സ്കൂളുകളുടെ നീക്കം. ഇതിലൂടെ സ്കൂള്‍ ബാഗിന്റെ ഭാരം വലിയൊരളവ് വരെ കുറക്കാനാകുമെന്ന് ജെംസ് വേള്‍ഡ് അക്കാദമി വൈസ് പ്രിന്‍സിപ്പല്‍ ഡേവിഡ് ക്രാഗ്സ് പറഞ്ഞു. ഡിജിറ്റല്‍ പുസ്തകങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഇവ ലഭ്യമാക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ ലോക്കറുകളില്‍ വിദ്യാര്‍ഥികളുടെ പുസ്തകം സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഷൈനിങ് സ്റ്റാര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അഭിലാഷ സിങ് പറഞ്ഞു. പുസ്തകം ലോക്കറില്‍ വെക്കുന്നതുമൂലം കുട്ടികള്‍ക്ക് ഗൃഹപാഠം ചെയ്യുന്നതിനും വീട്ടിലിരുന്നു പഠിക്കുന്നതിനും തടസ്സം സൃഷ്ടിക്കുമെന്നിരിക്കെ ഇതിനു പരിഹാരമായി ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന പഠന മെറ്റീരിയലുകള്‍ തയാറാക്കുമെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഗൃഹപാഠങ്ങള്‍ ചെയ്യേണ്ടതിനനുസരിച്ചുള്ള പുസ്തകങ്ങള്‍ മാത്രം വൈകീട്ട് കൊടുത്തുവിടുമെന്നും അല്ലാത്തവ സ്കൂളിലെ ലോക്കറില്‍ സൂക്ഷിക്കുമെന്നും അബൂദബി ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നീരജ് ഭാര്‍ഗവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.